ദിസ്പൂർ : അസം കോൺഗ്രസ് എംഎൽഎ രൂപ്ജ്യോതി കുർമി പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയെ തുടർന്നാണ് രാജിവെയ്ക്കുന്നത് എന്ന് രൂപ്ജ്യോതി അറിയിച്ചു. രാഹുൽ ഗാന്ധി അധികാരത്തിലിരുന്നാൽ പാർട്ടി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉടൻ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
ഒരു നേതൃസ്ഥാനം വഹിക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിയ്ക്ക് ഇല്ല. രാഹുൽ അധികാരത്തിലിരുന്നാൽ പാർട്ടിയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് രൂപ്ജ്യോതി പറഞ്ഞു. യുവ നേതാക്കളെ മനസിലാക്കാനോ അവരുടെ ആശയങ്ങൾ കേൾക്കാനോ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ല. അത് കാരണം എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയുടെ അവസ്ഥ ദയനീയമായി വരികയാണ്. ജോർഹാത്ത് ജില്ലയിലെ മാരിയാനി നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കൂടിയായ രൂപ്ജ്യോതി കുർമി എംഎൽഎ സ്ഥാനവും രാജിവെയ്ക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസമിലെ നിരവധി കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ രാജിവെച്ചത്. ഇത് പാർട്ടിയ്ക്കുള്ളിൽ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.
Comments