ഏക്കറുകളോളം വരുന്ന സ്ഥലത്തിന്റെ ഉടമയായിരുന്ന ഒരു അച്ഛന്റെ മകളും കൊച്ചുമകനും ഇന്ന് തലചായ്‌ക്കാനൊരിടം കൂടി ഇല്ലാതെ രാത്രി കടത്തിണ്ണയില്‍ കഴിച്ചുകൂട്ടുന്നു. വിമുക്തഭടനും വിഷവൈദ്യനുമായിരുന്ന ഇരിങ്ങോള്‍ കുഴിപ്പിള്ളി പരേതനായ കെ.ജി. നീലകണ്ഠപ്പിള്ളയുടെ മകള്‍ തങ്കമണിയും കൊച്ചുമകന്‍ വിനീതുമാണ് രണ്ടുവര്‍ഷമായി ഈ ദുരിത ജീവിതം നയിക്കുന്നത്. ഇരിങ്ങോളിലുളള 3.5 ഏക്കര്‍ സ്ഥലത്ത് വീടും പറമ്പും ഉള്‍പ്പടെ നെല്‍കൃഷിയും മറ്റുകൃഷികളും ഉണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള നീലകണ്ഠപ്പിളളയുടെ ഇളയമകളായിരുന്നു തങ്കമണി. സഹോദരിമാര്‍ മുന്‍പേ മരിച്ചു.
തങ്കമണിയുടെ ഭര്‍ത്താവായ സോമശേഖരന്‍ നായര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. രണ്ടു മക്കളില്‍ മൂത്ത മകന്‍ രോഗം ബാധിച്ച് മരിച്ചു. പിന്നീട് ജീവിത പ്രാരാബ്ധങ്ങള്‍ കാരണം കണ്ണായ സ്ഥലം മുഴുവനായും തുച്ഛമായ വിലയ്‌ക്ക് വില്‍ക്കേണ്ടി വന്നു. പിന്നീട് ചെറിയൊരു വീടും വാങ്ങിയെങ്കിലും ദാരിദ്ര്യം കൂടിയതോടെ അതും വില്‍ക്കേണ്ടി വന്നു. പിന്നീട് വാടക വീടുകളിലായിരുന്നു താമസം. വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയായപ്പോള്‍ ജീവിതം തെരുവിലായി.
ആരാധനാലയങ്ങളില്‍ നിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇവരുടെ ഏക ആശ്രയം. ലോക്ഡൗണ്‍ ആയതോടെ അതും ഇല്ലാതായി. എന്നാലും ആഹാരം കിട്ടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ എത്തിപ്പെടും. രാത്രി കിടത്തം കടത്തിണ്ണയില്‍. ബൈക്ക് ഉണ്ടെങ്കിലും അതില്‍ ഇന്ധനം അടിക്കുന്നത് പോലും മറ്റുള്ളവരുടെ സഹായം കൊണ്ടാണ്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ വിനീതനായില്ല. അമ്മയെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഏല്‍പ്പിക്കാതെ കൂലി പണിക്കു പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വിനീത്.















