സഹസ്രപൂർണിമയിൽ ഭാസ്കരത്തിളക്കം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സഹസ്രപൂർണിമയിൽ ഭാസ്കരത്തിളക്കം

രഞ്ജിത്ത് ആറമ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2021, 07:46 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിസൗന്ദര്യത്തിന്റെ വർണ്ണോത്സവങ്ങൾക്ക് സ്ഥിരംവേദികയായ പശ്ചിമഘട്ടമലനിരകളുടെ താഴ്വാരപ്രദേശം. ആ നീലഗിരിയിടത്ത്, ചാലിയാറിന്റെ തീരത്താണ് നൂറ്റാണ്ടുകളുടെ പെരുമയും ചരിതവും പേറുന്ന വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രമുള്ളത്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കിരാതമൂർത്തിയുടെ രൂപം അഞ്ചുനിറങ്ങളിൽ ആവാഹിച്ച് എല്ലാ വർഷവും ധനുമാസത്തിൽ തിരുമുറ്റത്തൊരു കളമൊരുങ്ങും. കോഴിക്കോട് സാമൂതിരിയുടെ പതിമൂന്ന് സാമന്തരാജ്യങ്ങളിലൊന്നായ നിലമ്പൂർ പ്രമാണിമാരുടെ ഈശ്വരനാണാ കിരാതമൂർത്തി. കളമെഴുതിയാൽ പാട്ട് വേണം, പാട്ടിനൊപ്പം തെങ്ങിൻകുരുത്തോലകൾകൊണ്ട് താളംതീർത്ത് കളം മായ്‌ക്കണം. പാട്ട് പാടാൻ സംഘബലം വേണം. ആ സംഘത്തിൽ നിലമ്പൂർ കോവിലകത്തെ അംഗങ്ങൾക്കൊപ്പം വനവാസികളായ ചോലനായ്‌ക്കന്മാരും കുറുമുനും പണിയനും പതിനായ്‌ക്കന്മാരും വേണം. വനാന്തരങ്ങളുടെ നിഗൂഢതയിൽ അലിഞ്ഞ് ജീവിക്കുന്ന ആദിമമനുഷ്യന്റെ സംസ്കാരവും സംതൃപ്തിയും ആവലാതിയും ആ നരവംശശാസ്ത്രത്തിന്റെ ഗരിമയും തൊട്ടറിയാൻ, ഗോത്രചരിത്രം രേഖപ്പെടുത്തുവാൻ പണ്ടെങ്ങോ തുടങ്ങിയ നിലമ്പൂർ പാട്ടുത്സവം… പ്രകൃതിയെ അറിഞ്ഞ് ജീവിക്കുന്നവരെ അതിഥികളായി കൊണ്ടുവന്ന് അവരുടെ നേരും നോവും ഏറ്റുവാങ്ങിയിരുന്ന പരിഷ്കൃതരായ മനുഷ്യരുടെ മനസ്സിൽ നടക്കുന്ന നിലമ്പൂർ വലിയ കളമ്പാട്ട്…

നിലമ്പൂർ പാട്ടുത്സവത്തിന്റെ നിദർശനമെന്നോണം നാം ജീവിക്കുന്ന ഇക്കാലത്ത്, മലമടക്കുകളുടെ ധന്യതയിൽ ജീവിക്കുന്ന ചോലനായ്‌ക്കർ വിഭാഗത്തിലെ ഒരു കുട്ടിയെ നാട്ടിലെ ഒരു വലിയ വിദ്യാഭ്യാസസമുച്ചയത്തിന്റെ ഉടമസ്ഥൻ സ്വന്തം വീട്ടിൽ പാർപ്പിച്ച് അവന്റെ ഇഷ്ടാനുസരണമുള്ള വിദ്യാഭ്യാസം നൽകി. പഠനത്തിൽ മികവ് പുലർത്തിയ, ദക്ഷിണഭാരതത്തിലെ ഏറ്റവും പ്രാചീനവനവാസി വിഭാഗക്കാരനായ അവൻ ഇന്ന് ഒരു ഗവേഷകവിദ്യാർത്ഥിയാണ്, പേര് – വിനോദ്, പഠനകേന്ദ്രത്തിന്റെ ഉടമസ്ഥനും സ്ഥാപകനുമായ ആ മഹാമനസ്കന്റെ പേര് – ശ്രീ. മഞ്ചേരി ഭാസ്കരൻപിള്ള…

തെക്കേകൂറ്റ് പുതുപറമ്പിൻ കാലായിൽ വീട്ടിൽ ഇടയാറ്റ് രാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മൂന്നാമത്തെ മകനായി ഉത്രാടം നക്ഷത്രത്തിൽ 1938 ജൂൺ 16ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവല്ലയിലെ പുല്ലാട് എന്ന ചെറുഗ്രാമത്തിലാണ് ശ്രീ. കെ. ആർ ഭാസ്കരൻപിള്ളയുടെ ജനനം. അഭിനയപ്രധാനമായ തെക്കൻചിട്ടയുടെ പ്രയോക്താവായ കഥകളിയാചാര്യൻ ഗുരു ചെങ്ങന്നൂർ രാമൻപിള്ളയ്‌ക്കൊപ്പം അരങ്ങ് പങ്കിട്ട കഥകളിനടനായിരുന്നു പമ്പയുടെ തീരത്ത് കുറിയന്നൂരിലെ ഇടയാറ്റു വീട്ടിൽ പിറന്ന അച്ഛൻ രാമൻ നായർ. അക്കാലത്ത് അരങ്ങിലെ ആട്ടം കൊണ്ടുമാത്രം വീട്ടിൽ അടുപ്പ് പുകയില്ല എന്നതിനാൽ അച്ഛൻ പിന്നീട് കഥകളി വിട്ട് കൃഷിയിലേക്ക് തിരിഞ്ഞു. എന്നിട്ടും ഉള്ളിലെ കഥകളിക്കമ്പം കനംവച്ചുകിടന്നു. അച്ഛനോടൊപ്പം രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ, ദൂരെ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന കഥകളി സംഗീതത്തിന്റെ അകമ്പടിയിൽ കഥയേതെന്നും വേഷങ്ങൾ എന്തെന്നും ആ അച്ഛൻ മകന് പറഞ്ഞു കൊടുക്കുമായിരുന്നു. അന്നേരം നെഞ്ചോട് ചേർന്നു കിടക്കുന്ന കുഞ്ഞായിരുന്ന ഭാസ്ക്കരപിള്ളയുടെ ഉള്ളിൽ അന്നേ പതിഞ്ഞതാണ് കേരളീയമായ കാവ്യകഥനത്തിന്റെ ഭംഗിയും സാഹിത്യരസവും. സന്യാസിവര്യന്മാരോട് വല്ലാത്ത ആദരവുണ്ടായിരുന്ന അച്ഛന് ആഗമാനന്ദസ്വാമികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എൻ എസ് എസിന്റെ തിരുവല്ല താലൂക്ക് മെമ്പർ കൂടിയായിരുന്ന അച്ഛന്റെ ഇഷ്ടങ്ങളും അടുപ്പങ്ങളും കുഞ്ഞുഭാസ്ക്കരനെ വല്ലാതെ സ്വാധീനിച്ചിരുന്നു. വേങ്ങൽ പരമുപിള്ള എന്ന പ്രമാണിയുടെ മകളായിരുന്നു അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയമ്മ. ചെറിയ പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ടതിന്റെ സങ്കടം എന്നും അലട്ടിയിരുന്നതിനാൽ ലക്ഷ്മിയമ്മ തന്റെ മൂന്ന് മക്കൾക്കും സ്നേഹവും വാത്സല്യവും മനസ്സുനിറയുംവിധം നൽകി വളർത്തി . പുല്ലാട് സർക്കാർ സ്ക്കൂൾ, കുറിയന്നൂർ എംടി എൽ പി സ്ക്കൂൾ, പുല്ലാട് ശ്രീ വിവേകാനന്ദ സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. മാരാമൺ എഎംഎം ടീച്ചേഴ്സ് ട്രെയിനിംഗ് സ്ക്കൂളിൽ ടി.ടി.സി പാസ്സായ അദ്ദേഹം കൃഷിയോടുള്ള താത്പര്യത്താൽ അഗ്രിക്കൾച്ചർ ഹയർ കോഴ്സും പഠിച്ച് പാസായി. പിന്നീട് അദ്ദേഹം സഹകരിക്കുകയും രൂപം നൽകുകയും പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട മേഖലയായും അദ്ദേഹത്തിന്റെ ജീവിതപരിസരത്ത് എന്നും മുഖ്യസ്ഥാനത്തും കൃഷി ഉണ്ടായിരുന്നത് ഈ ആഗ്രഹം നിമിത്തമാണ്. ഉപജീവനാർഥം ജോലി ലഭിക്കാനായി അഭ്യസ്തവിദ്യരായ യുവാക്കൾ കേരളത്തിന് പുറത്തേക്ക് പോയിരുന്ന കാലമായിരുന്നുവത്. സർവെ കോഴ്സ് പാസായ ജ്യേഷ്ഠൻ ബിഹാറിൽ ഉണഅടായിരുന്നതിനാ‍ൽ ഭാസ്കരപിള്ള സാർ ജോലി തേടി അങ്ങോട്ട് പോയി. ഭാരതത്തിന്റെ വടക്കുകിഴക്കൽ മേഖലയെ അറിഞ്ഞ് ധാരാളം സഞ്ചരിക്കാൻ കഴിഞ്ഞെങ്കിലും ഒരു തൊഴിൽ എന്നത് സ്വപ്നമായിത്തന്നെ അവശേഷിച്ചു. ആ സമയത്താണ് നാട്ടിൽ ജോലി ശരിയാകുമെന്ന് അറിയിച്ച് അച്ഛന്റെ കത്ത് ലഭിച്ചത്. ജന്മനാടിന്റെ ആ വിളി കേട്ട് തിരികെയെത്തിയ അദ്ദേഹം തൃക്കൊടിത്താനം വി.ബി. യുപി സ്കൂളിൽ അൺ ട്രെയിൻഡ് അധ്യാപകനായി മൂന്ന് മാസം ജോലി ചെയ്തു. 1963 ഒക്ടോബർ 24 ന് സമതിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. മധ്യതിരുവിതാംകൂറിൽ നിന്നും നിരവധി ആളുകൾ മലബാറിലെത്തുകയും ഉയർന്ന ജോലി നേടുകയും ചെയ്തിരുന്ന കാലമായിരുന്നതിനാൽ അധ്യാപകജോലി തരപ്പെടുമെന്ന പ്രതീക്ഷയിൽ ഏറനാടൻ മലയോരമേഖലയായ നിലമ്പൂരിലേക്ക് അദ്ദേഹം യാത്ര തിരിച്ചു. കൈയിൽ ഒരു ട്രങ്ക് പെട്ടിയുമായി തിരുവല്ല തീവണ്ടിയാപ്പീസിൽനിന്നും യാത്രതിരിച്ച അദ്ദേഹത്തിന്റെ ജീവിതജൈത്രയാത്രയുടെ തുടക്കമായിരുന്നുവത്. പുല്ലാട് സ്കൂളിന്റെ മാനേജറുടെ മകൾ‌ അന്ന് നിലമ്പൂരിലുണ്ടായിരുന്നു. അവിടെയത്തിയ അദ്ദേഹത്തിന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന വാസുപിള്ളയുടെ സഹായത്തോടെ 1964 ൽ മലപ്പുറം പാലേമാട് പ്രൈമറി സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. 1967 ൽ അതേ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി അദ്ദേഹം നിയമിതനായി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തച്ചുടയ്‌ക്കപ്പെട്ട അങ്ങാടിപ്പുറം തളി ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ അക്കാലത്ത് പൂജയും അനുഷ്ഠാനങ്ങളും മുടങ്ങി തിരസ്കരിക്കപ്പെട്ട് മറഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രം നിർമ്മിക്കുവാനുള്ള അനുവാദത്തിനായി അന്നത്തെ സർക്കാരിനോട് അപേക്ഷിച്ചെങ്കിലും അനുകൂലമറുപടി ലഭിച്ചില്ല. ആലസ്യത്തിലുറങ്ങുന്ന ഹിന്ദുസമൂഹത്തെ ജാഗ്രത്താക്കി സ്ത്രീകളെ അടക്കം ഒരുമിച്ചണി നിരത്തി അങ്ങാടിപ്പുറം തളിക്ഷേത്രപ്രക്ഷോഭം ആരംഭിച്ചു – കേരളഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ. തീക്ഷ്ണമായ സമരത്തിൽ കേളപ്പജിയ്‌ക്കൊപ്പം നിന്ന് അദ്ദേഹത്തിന്റെ അനുയായിയായി മാറി ഭാസ്കരപിള്ള സാർ. 1968 നവംബർ 17 ന് കേളപ്പജിയുടെ നേതൃത്വത്തിൽ നിയമലംഘനം ആരംഭിച്ചപ്പോൾ പ്രക്ഷോഭ പരിപാടികളിൽ അദ്ദേഹം നിറഞ്ഞു. പിടിയരി പ്രസ്ഥാനത്തിന്റെ ഊർജ്ജം വാക്കുകളിൽ നിറച്ച് എടക്കര അങ്ങാടിയിൽ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചു. വിശ്വാസ സംരക്ഷണത്തിന് ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. പ്രസംഗം കഴിഞ്ഞ് ജാതിമത ഭേദമെന്യേ പലരും അഭിനന്ദിച്ചു. എന്നാൽ പിറ്റേന്ന് സ്കൂൾ മാനേജ്മെന്റിൽ നിന്നും അതേ കാരണത്തിന് ഇണ്ടാസ് കിട്ടി. പിന്നീട് എ.ഇ. ഒ യുടെ മധ്യസ്ഥതയിലാണ് പ്രശ്നം ഒത്തു തീർപ്പായത്. അധികം കഴിയുംമുൻപേ പാലേമാട് സ്കൂൾ വിൽക്കുവാൻ മാനേജർ തീരുമാനിച്ചു. എന്നാൽ പല തരത്തിൽ പണം സംഘടിപ്പിച്ച് ഭാര്യയായ സുമതിക്കുട്ടിയുടെ പേരിൽ സ്കൂൾ വാങ്ങിയ അദ്ദേഹം 1969-ൽ അതേ സ്കൂളിന്റെ ഉടമസ്ഥനായി. ആത്മീയ ഗുരുക്കൻമാരുടെ സംരക്ഷണം ലൗകികരുടെ കടമയാണെന്ന് കരുതുന്ന അദ്ദേഹത്തിന് അദ്വൈതാശ്രമ അധിപനായ സ്വാമി ചിദാനന്ദപുരി, ശ്രീരാമകൃഷ്ണ മഠത്തിലെ സന്യാസിമാരായ സ്വാമി ആത്മസ്വരൂപാനന്ദ , സ്വാമി ഗോലോകാനന്ദ, സ്വാമി രംഗനാഥാനന്ദ, സ്വാമി മൃഢാനന്ദ, സ്വാമി സിദ്ധിനാഥാനന്ദ, ശിവഗിരി മഠത്തിന്റെ ജനറൽ സെക്രട്ടറി നിഷ്കളാനന്ദ സ്വാമികൾ, കാരക്കോട് രാമാനന്ദാശ്രമത്തിലെ ശ്രീധരാനന്ദസ്വാമികൾ എന്നിവരുമായി വലിയ ആത്മബന്ധം അദ്ദേഹം പുലർത്തിപ്പോന്നു. കൊളത്തൂരിലെ അദ്വൈതാശ്രമ അധിപനായ ചിദാനന്ദപുരി സ്വാമി ആധ്യാത്മിക അന്തര്യോഗം പരിപാടി നടത്താൻ ആദ്യകാലത്ത് നിലമ്പൂരിലെ അദ്ദേഹത്തിന്റെ വീടായ മധുവനം വിട്ടു കൊടുത്തിരുന്നു. പിന്നീടാണ് കൊളത്തൂരിൽ സ്വാമിജി ആശ്രമം നിർമ്മിച്ചത്. പുറനാട്ടുകരയിലെ സ്ഥിരം സന്ദർശകനായിരുന്ന അദ്ദേഹം, വിൽക്കാനുറപ്പിച്ചിരുന്ന വൈറ്റില ആശ്രമം പുനരുദ്ധരിക്കാൻ സാമ്പത്തിക സഹായം നൽകി സ്വാമി ആത്മസ്വരൂപാനന്ദയ്‌ക്കൊപ്പം നിന്നു. പാലേമാട് ആധ്യാത്മികാചാര്യൻമാരുടെ അനുഗ്രഹാശിസ്സുകളും അവരുടെ തപസ്സിന്റെ പുണ്യവും നന്മയും ഉള്ള മണ്ണാണെന്ന് അദ്ദേഹം വിശ്വസിക്കുന്ന അദ്ദേഹം സ്വാമി രംഗനാഥാനന്ദയിൽ നിന്നാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. സ്വാമി മൃഢാനനന്ദയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ആത്മീയ സമ്മേളനത്തിൽ അധ്യക്ഷനായി. നിലമ്പൂർ മേഖലയിൽ വീടുകളിൽ മാസത്തിൽ ഒരു തവണ വീതം സത്സംഗം നടത്തിത്തുടങ്ങിയത് അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്. സത്സംഗത്തിന്റെ സ്ഥിരം വേദിയായി അദ്ദേഹത്തിന്റെ ഗൃഹമായ മധുവനം മാറി. അവിടെ വർഷംതോറും ആദ്ധ്യാത്മിക സമ്മേളനം നടക്കുന്നു.

1969 ജൂലായ് 28 ന് നിലമ്പൂർ എം.എൽ.എ കരിക്കാടൻ കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് 1970 ൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. നിലമ്പൂർ കോവിലകത്തെ ടി.എൻ. ഭരതനും ഗോദവർമ്മ തമ്പുരാനും രാമകൃഷ്ണമേനോനും കൂടി ജനസംഘം സ്ഥാനാർത്ഥി മഞ്ചേരി ഭാസ്കരപിള്ളയുടെ പേര് നിർദ്ദേശിച്ചു. കാരക്കോട് ആശ്രമാധിപൻ ശ്രീധരസ്വാമികളുടെ ആശീർവാദത്തോടെ മത്സരിക്കാൻ തീരുമാനിച്ച അദ്ദേഹം തെരഞ്ഞെടുപ്പിന് വേണ്ടി സ്വന്തം പണം മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് തീരുമാനിച്ചു – രാഷ്‌ട്രസ്നേഹിയായ രാഷ്‌ട്രീയക്കാരന്റെ ഉറച്ചതീരുമാനം. ഒ രാജഗോപാലും പരമേശ്വർജിയും ഹൈക്കോടതി അഭിഭാഷകൻ അഡ്വ നാരായണപിള്ളയും പ്രവർത്തനത്തിനും പ്രചാരണത്തിനും എത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും സാമൂഹികമായ ഇടപെടലുകൾ അനവരതം അദ്ദേഹം തുടർന്നു. പാലേമാട് സ്കൂൾ വലിയ സാമ്പത്തികപ്രതിസന്ധികളിലൂടെയാണ് അന്നൊക്കെ കടന്നുപോയത്. വാങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോഴുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾകെട്ടിടങ്ങൾ നിലംപൊത്തി. വലിയ പ്രതിസന്ധിയിലും സ്കൂൾ അദ്ദേഹം നടത്തി കൊണ്ടുപോയി, പ്രൈമറി സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആവുകയും 1971 മുതൽ 1984 വരെയുള്ള പതിമൂന്നു വർഷം കഠിന പരിശ്രമം നടത്തിയതിന്റെ ഫലമായി 1984 ൽ പാലേമാട് ശ്രീ വിവേകാനന്ദ യു.പി സ്കൂൾ ഹൈസ്കൂളായി ഉയരുകയും ചെയ്തു. 2004ൽ ബിഎഡും ടിടിസിയും തുടങ്ങി. ഹയർ സെക്കണ്ടറിയിൽ 15 ബാച്ചുകളുള്ള കേരളത്തിലെ ഒരേയൊരു വിദ്യാലയമാണിന്ന് ശ്രീ വിവേകാനന്ദ. എൽകെജി മുതൽ നാലാംക്ളാസ് വരെയുള്ള ഇംഗീഷ് മീഡിയം അൺ എയിഡഡ് സ്കൂളും ഇതോടൊപ്പം പ്രവർത്തിക്കുന്നു. ഒരു കോമ്പൗണ്ടിനകത്ത് എൽകെജി മുതൽ പിജി വരെയുള്ള വിദ്യാഭ്യാസ സമുച്ചയമാണ് ശ്രീരാമകൃഷ്ണശിഷ്യന്റെ മഹാപാണ്ഡിത്യത്തിന്റെ നിദർശനമായി വ്യാഖ്യാനിക്കാവുന്ന ശ്രീ വിവേകാനന്ദ പഠന കേന്ദ്രം. ശരാശരി 900 കുട്ടികളാണ് ഓരോ വർഷവും പ്ളസ് ടൂ പൂർത്തിയാക്കി ഇവിടെനിന്നും പുറത്തിറങ്ങുന്നത്. ക്ലേശങ്ങളും പ്രതിസന്ധികളും മറികടന്ന് മലബാറിന്റെ, കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്‌ക്ക് മഞ്ചേരി ഭാസ്ക്കരപിള്ള സമർപ്പിച്ച സംഭാവനകൾ എണ്ണമറ്റത്, നിസ്തുലം…

സാമുദായിക പരിഷ്കരണത്തിൽ സാക്ഷാൽ മന്നത്ത് പത്മനാഭന്റെ പാതയിലായിരുന്നു മഞ്ചേരി ഭാസ്ക്കരപിള്ളയുടെ സഞ്ചാരം. മന്നമായിരുന്നു എല്ലാംകൊണ്ടും വഴികാട്ടി. മന്നത്തിന്റെ പ്രവർത്തനങ്ങളാണ് എൻഎസ് എസിലേക്ക് ഭാസ്ക്കരപിള്ളയേയും ആകർഷിച്ചത്. കുട്ടിക്കാലം മുതൽക്ക് മന്നത്തിന്റെ പ്രസംഗം കേൾക്കാൻ അദ്ദേഹം പോകുമായിരുന്നു. വിമോചനസമരത്തിൽ മന്നത്തിനൊപ്പം പങ്കെടുത്ത ഭാസ്കരപിള്ള അവശ്യകാലത്ത് സമുദായഅതിർത്തികളെ കടന്ന് പുറത്തെത്തി സാമൂഹ്യപ്രവർത്തകനായി ഉയർന്ന് സമരം നയിച്ച ഭാരതകേസരിയുടെ തികഞ്ഞ ആരാധകനാണ്. അദ്ദേഹത്തിന്റെ വീടിന്റെ പൂമുഖത്ത് ഇന്നും കാണുന്ന ഫോട്ടോകളിൽ ഒന്ന് മന്നത്ത് പത്മനാഭന്റേതാണ്. അദ്ദേഹം നിധി പോലെ സൂക്ഷിക്കുന്നു മന്നത്തിന്റെ കൈപ്പടയിലുള്ള ഒരു കത്ത്. സിംഗപ്പൂർ ഹൈക്കമ്മിഷ്ണറായിരുന്ന എൻ എസ് എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുമായി തികഞ്ഞ ആത്മബന്ധം പുലർത്തിയിരുന്നു ഭാസ്കരപിള്ള . എൻ എസ് എസിന്റെ അഗ്രിക്കൾച്ചർ അഡ്വൈസിംഗ് കമ്മിറ്റി അംഗവും മഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റും ആയിരുന്ന അദ്ദേഹം എൻഡിപി കിടങ്ങൂർ വിഭാഗം ചെയർമാൻ, എൻ എസ് എസ് സംരക്ഷണ സമിതി ട്രഷറർ, സമസ്ത നായർ സമാജം പ്രസിഡന്റ് , ഗ്ലോബൽ നായർ സേവ സമാജം രക്ഷാധികാരി, ബി.ഡി.ജെ.എസ്. ഉപാധ്യക്ഷൻ , ഓൾ കേരള സെൽഫ് ഫിനാൻസ് ബി.എഡ് കോളേജ് അസ്സോസ്സിയേഷൻ പ്രസിഡന്റ് തുടങ്ങി ഏറ്റെടുത്ത പദവികളും ചുമതലകളും ഏറെ. നായർ സമുദായത്തിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമെങ്കിലും അദ്ദേഹം നിർവഹിക്കുന്ന സേവനത്തിൽ ജാതിയും മതവും വേർതിരിവുകൾ സൃഷ്ടിച്ചില്ല. എസ് എൻ ഡി പിയുടെ ശുപാർശ പ്രകാരം വരുന്ന വിദ്യാർത്ഥികളെ 12 വർഷമായി സൗജന്യമായി അദ്ദേഹം സ്വന്തം സ്കൂളിൽ പഠിപ്പിക്കുന്നു. നിർധനരായ കുട്ടികൾക്ക് ധനസഹായവും പഠനോപകരണങ്ങളും നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഒരു കോടിയലധികം രൂപയാണ് അർഹരായ വിദ്യാർത്ഥിക്കുള്ള പഠനത്തിനായി അദ്ദേഹം വിനിയോഗിച്ചത്. വീടില്ലാത്തവർക്ക് വീട് നിർമ്മിക്കാനുള്ള സഹായവും ഉറപ്പ് വരുത്തുന്നു. ഇതിലും എത്രയോ അധികമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾ. താൻ ചെയ്യുന്ന സഹായങ്ങളെക്കുറിച്ച് അധികമൊന്നും പറയാൻ അദ്ദേഹം സന്നദ്ധനല്ലാത്തതിനാൽ അതു വിവരിക്കാനുള്ള അവസരം കാലത്തിന് നാം വിട്ടുനൽകേണ്ടിയിരിക്കുന്നു. ഭാസ്കരപിള്ളയുടെ എല്ലാത്തരം സേവന പ്രവർത്തനങ്ങൾക്കും എന്നും പ്രചോദനം ഭാര്യ സുമതിക്കുട്ടിയാണ്. വീട്ടിൽ വരുന്ന ഏതൊരു വ്യക്തിയെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന അമ്മ മനസ്സാണത്. തന്റെ വീട്ടിൽ അതിഥികളായെത്തുന്നവർ ഒരു നേരമെങ്കിലും ആഹാരം കഴിച്ചിട്ടേ മടങ്ങാവൂ എന്ന ഭാസ്കരപിള്ളയുടെ സ്നേഹനിബന്ധനയ്‌ക്ക് പിന്നിൽ വാത്സല്യത്തിന്റെയും കരുതലിന്റെയും അക്ഷയപാത്രമായി നിറയുന്നത് ഈ സ്ത്രീരത്നമാണ്. ജനം ടി വി യുടെ തുടക്കകാലം മുതൽ ധനവും മനവും സമർപ്പിച്ച് പ്രാർത്ഥനകളും അനുഗ്രഹങ്ങളും നൽകി ഒപ്പമുള്ള ഭാസ്കരപിള്ള സാറിന്റെയും കുടുംബത്തിന്റെയും വിശേഷസ്നേഹം ആ രുചിയുടെ പ്രധാനപ്പെട്ട ചേരുവയായി ഞാൻ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.

മൂത്ത മകൻ വേണുവിന്റെ നിര്യാണം ഭാസ്ക്കരപിള്ളയെയും സുമതിയമ്മയെയും മാനസികമായി വല്ലാതെ തളർത്തി. വനവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കാൻ നിരന്തരം പരിശ്രമിച്ച വനവാസി കല്യാണാശ്രമത്തിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു അഭിഭാഷകനായ വേണു. ആ മേഖലയിൽ മകന്റെ ഓർമ്മകൾ സചേതനമായി തുടരട്ടെയെന്ന് അച്ഛനാഗ്രഹിച്ചു. അട്ടപ്പാടിയിലെയും വയനാട്ടിലെയും വനവാസി കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നത്, ആ മകന്റെ ഓർമ്മകളുടെ ചിരസ്മാരകമായാണ് . ചോലനായ്‌ക്കർ വിഭാഗത്തിൽപ്പെട്ട ഇപ്പോൾ ഗവേഷക വിദ്യാർത്ഥിയായ വിനോദ് ഏറെക്കാലമായി അദ്ദേഹത്തിന്റെ വീട്ടിൽ ഒരംഗമായി ജീവിച്ച് പഠനം നടത്തുന്നത് വേണുവിന്റെ അനേകം സ്മാരകങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതായി നമുക്ക് അടയാളപ്പെടുത്താം. ഏഴായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ശ്രീ വിവേകാനന്ദ പഠന കേന്ദ്രത്തിന്റെ ചെയർമാനായ അദ്ദേഹത്തോടൊപ്പം മകൻ അനിൽ കുമാറും സ്കൂളിന്റെ വിദ്യാഭ്യാസ – സേവന പ്രവർത്തനങ്ങളിൽ ഇപ്പോൾ സജീവമാണ്. ബാരിസ്റ്റർ ജി പി പിള്ള ഫൗണ്ടേഷൻ സമഗ്ര സംഭാവന അവാർഡ്, കെ ആർ ഇലങ്കത്ത് സ്മാരക ട്രസ്റ്റ് കർമ്മശേഷി അവാർഡ്, ഇൻഡോ അറബ് എക്സലൻസ് അവാർഡ് തുടങ്ങി ഭാസ്കരപിള്ളയെ തേടിയെത്തിയ പുരസ്കാരങ്ങളും ബഹുമതികളും ഏറെയാണ്. അതിനൊക്കെയപ്പുറം നിന്നാണ് സേവനം ഈ ജന്മത്തിന്റെ കർത്തവ്യമാണെന്നും ഉത്തരവാദിത്തമാണെന്നും മഞ്ചേരി ഭാസ്ക്കരപിള്ള ഉറച്ചുവിശ്വസിക്കുന്നത്. ആ വിശ്വാസം ഒരു നാടിന്റെയും നാമൊക്കെ ജീവിക്കുന്ന കാലത്തിന്റെയും പുണ്യമാകുന്നു, അക്ഷരവെളിച്ചമാകുന്നു…

1960 കളുടെ ആദ്യ പകുതിയിൽ ഒരു മധ്യതിരുവിതാംകൂറുകാരൻ പാലേമാട് എന്ന ഏറനാടൻ ഗ്രാമത്തിൽ അധ്യാപകജോലി തേടിയെത്തുകയും ആത്മീയത വേരുറച്ച ഈ വ്യക്തിയുടെ ജീവിതം പാലേമാടിന്റെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഏടുകളിൽ പിൽക്കാലത്ത് മഹനീയമുദ്രകൾ തീർക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തും രാഷ്‌ട്രീയ – സാമുദായിക മണ്ഡലങ്ങളിലും സാംസ്കാരിക – ആദ്ധ്യാത്മിക മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ശ്രീ മഞ്ചേരി ഭാസ്കരൻ പിള്ള … ആയിരം പൂർണ്ണചന്ദ്രൻമാരുടെ ആർദ്രനിലാവുകളെ ഉള്ളിൽ നിറച്ച് , ശ്രീ. മഞ്ചേരി ഭാസ്കരൻപിള്ള ഇന്ന് ശതാഭിഷിക്തനാവുകയാണ്. തന്റെ ജീവിതത്തിന്റെ നേരും നന്മയും രേഖപ്പെടുത്തിയ ആത്മകഥ ആത്മവിദ്യാലയം എന്ന പേരിൽ അദ്ദേഹം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത മണ്ഡലങ്ങളുടെയും അവിടത്തെ പ്രമാണികളുടെയും ആത്മകഥകളുണ്ട്… ഒപ്പം നിന്നവരുടെയും ഒറ്റുകാരായവരുടെയും ഒഴിഞ്ഞു പോയവരുടെയും ചരിത്രമുണ്ട്… ഈ പുസ്തകം പ്രസിദ്ധീകൃതമാകുമ്പോൾ കേരളചരിത്രത്തിന്റെ ഏടുകളിൽ പുതിയത് പലതും എഴുതിച്ചേർക്കപ്പെടും. തെറ്റായി രേഖപ്പെടുത്തപ്പെട്ട പലതും തിരുത്തിയെഴുതപ്പെടും, പലതും പുനർവായനയ്‌ക്കുള്ള വിഷയമാകും… ആ ഘനപ്പെട്ട ആത്മചരിതത്തിന് അവതാരിക കൂടി എഴുതിവച്ചാണ് ശ്രീ.എസ് രമേശൻ നായർ എന്ന മഹാകാവ്യകാരൻ മൺമറഞ്ഞത്. തന്റെ കാവ്യജീവിതമെഴുതിത്തീർത്തു മടങ്ങും മുൻപേ ഏറ്റവും ഒടുവിൽ രമേശൻ നായർ സാർ എഴുതിയത് ഈ അവതാരികയാണ്. ആ ഋഷികവിയുടെ വാക്കുകൾ ഞങ്ങൾ ആദരപൂർവം കടംകൊള്ളട്ടെ – ലക്ഷം മാനവർ കൂടി നിൽക്കുന്നയിടത്തെ ലക്ഷണമൊത്ത ഒരേയൊരു മനുഷ്യനാണ് ശ്രീ മഞ്ചേരി ഭാസ്കരൻപിള്ള … ജീവിതം ത്യാഗമാക്കിയ മഹർഷി തുല്യന് ജനം ടി വിയുടെ ഹാർദ്ദമായ ജന്മദിനാശംസകൾ, മരുതപ്പുഴയിലെ സ്വർണ്ണത്തിളക്കത്തിനൊപ്പം അരോഗദൃഢഗാത്രനായി ഇനിയും അനവധിക്കാലം ഭാസ്കരശ്രീയായി വിളങ്ങുവാൻ പ്രാർത്ഥനകൾ !!!

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies