വാഷിംഗ്ടൺ: മ്യാൻമർ സൈന്യത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ലെന്ന് തടവിൽ നിന്നും വിട്ടയക്കപ്പെട്ട വിദേശമാദ്ധ്യമപ്രവർത്തകൻ . സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തി അറസ്റ്റിലായവരെയാണ് സൈന്യം ദേഹോപദ്രവം ഏൽപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷത്തെക്കുറിച്ചും അവരുടെ പദ്ധതികളെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള രഹസ്യങ്ങളാണ് സൈന്യം തിരക്കുന്നത്. അമേരിക്കൻ പൗരത്വം നേടിയ മാദ്ധ്യമപ്രവർത്തകൻ നാഥാൻ മാവൂംഗാണ് യാംഗൂണിലെ ക്രൂരതകൾ വെളിച്ചത്തുകൊണ്ടുവന്നത്.
നാൽപ്പത്തിനാലുകാരനായ നാഥാൻ മാവുംഗിനെ മൂന്ന് മാസമായി അന്യായമായി തടവിൽ വച്ചിരിക്കുകയായിരുന്നു. ഈ മാസം 15-ാം തിയതിയാണ് അമേരിക്കയിലേക്ക് നാഥാനെ നാടുകടത്തിയത്. യാംഗൂണിലെ സാധാരണ ജയിലിനപ്പുറം രഹസ്യ ജയിലിലാണ് തന്നെ പാർപ്പിച്ചിരുന്നതെന്നും നിരവധിപേരെ ഇടിമുറികളിലിട്ട് പീഡിപ്പിച്ചാണ് കുറ്റസമ്മതം നടത്തിക്കുന്നതെന്നും നാഥാൻ പറഞ്ഞു.
6200 പേരെയാണ് ഇതുവരെ മ്യാൻമർ സൈന്യം പിടികൂടി രാജ്യത്തിന്റെ പലഭാഗത്തായി ജയിലിൽ ആക്കിയിട്ടുള്ളത്. 500ലേറെപ്പേരെ പ്രക്ഷോഭത്തിനിടെ വെടിവെച്ച് കൊന്നാണ് സൈന്യം ആധിപത്യം തെളിയിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നാണ് ജനാധിപത്യ സർക്കാറിനെ സത്യപ്രതിജ്ഞ ചെയ്യാൻ സമ്മതിക്കാതെ മേജർ ജനറൽ മിംഗ് ഓംഗ് ഹ്ലായിംഗ് ഭരണം പിടിച്ചത്.
Comments