കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സപ്ലിമെന്ററി ഷോക്കോസ് നോട്ടീസ് നല്കാന് കസ്റ്റംസ്. കേസുമായി ബന്ധമുള്ള 12 പേര്‍ക്ക് പുതുതായി നോട്ടീസയക്കും. അതേസമയം സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണി ഫൈസല്‍ ഫരീദിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കസ്റ്റംസ് സൂചന നല്കി.
സ്വര്‍ണ്ണക്കടത്ത് കേസ് ഒരു വര്‍ഷം പിന്നിടവേ അന്വേഷണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. നിലവില്‍ ഷോക്കോസ് നോട്ടീസ് നല്‍കിയവരെ കൂടാതെ പുതുതായി 12 പേര്‍ക്ക് കൂടി കേസില്‍ സപ്ലിമെന്ററി ഷോക്കോസ് നോട്ടീസ് നല്‍കും. ഇവരുടെ പേരുവിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ദുബായിലുള്ള മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്. ഇയാളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
അതേസമയം മലയാളികള്‍ നിയന്ത്രിക്കുന്ന യുഎഇ കേന്ദ്രമാക്കിയുള്ള കള്ളക്കടത്ത് ശൃംഖലയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായി വിവരമുണ്ട്. സപ്ലിമെന്ററി ഷോക്കോസ് നോട്ടീസില്‍ ഇവരെ ഉള്‍പ്പെടുത്തും. ഇതോടൊപ്പം ഈന്തപ്പഴ കടത്ത്, ഖുറാന് കടത്ത്, വിദേശ കറന്‍സി കേസ് എന്നിവയിലും ഷോക്കോസ് ഉടന്‍ പ്രതീക്ഷിക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
Comments