ശ്രീനഗർ : ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡ്രോണുകളുടെ വിൽപ്പനയ്ക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തി കുപ്വാര ജില്ലാ ഭരണകൂടം. സുരക്ഷ കണക്കിലെടുത്ത് മുൻകരുതലെന്നോണമാണ് നടപടി. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, കൈവശം വയ്ക്കൽ എന്നിവയ്ക്കാണ് വിലക്ക്.
കുപ്വാര ജില്ലാ മജിസ്ട്രേറ്റ് ഇമാം ദിൻ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷയും, സ്വകാര്യതയും കണക്കിലെടുക്കുമ്പോൾ ഡ്രോണുകളുടെ ഉപയോഗം അപകടരമാണ്. അതിനാൽ ജില്ലയ്ക്ക് അകത്ത് ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തുന്നതായി മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
ജമ്മു വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഡ്രോണുകൾക്കായി ആകാശപാത ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎയുടെ നിർദ്ദേശങ്ങളും നിലവിലുണ്ട്. ഡ്രോണുകളുടെ ഉപയോഗം വഴി ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന ഭീഷണികൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രജൗരി, ശ്രീനഗർ, ബരാമുള്ള, കത്വ എന്നീ ജില്ലകളിലും ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Comments