ലണ്ടൻ: വിംബിൾഡണിലെ രാജകുമാരൻ റോജർ ഫെഡറർ പുറത്ത്. പ്രീക്വാർട്ടറിൽ പോളണ്ട് താരം ഹ്യൂബർട്ട് ഹർകാസസാണ് സ്വിസ് ചാമ്പ്യനെ അട്ടിമറിച്ചത്. രണ്ടാം പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് മാർട്ടിൻ ഫ്യൂകോവിക്‌സിനെ തോൽപ്പിച്ചു.
നേരിട്ടുള്ള സെറ്റുകൾക്കാണ് ഹർക്കാസസ് ഫെഡററെ ക്വാർട്ടറിൽ തകർത്തത്. 3-6, 6-7, 0-6 എന്ന സ്‌കോറിനാണ് പോളിഷ് താരം ഏറെ പരിചയ സമ്പന്നനായ ഫെഡററെ തോൽപ്പിച്ചത്.
ആദ്യ സെറ്റ് 3-6ന് സ്വന്തമാക്കിയ ഹർകാസസിനെ ഫെഡറർ രണ്ടാം സെറ്റിൽ ശക്തമായി നേരിട്ടെങ്കിലും കളി ടൈബ്രേക്കറിൽ 7-6ന് ഹർകാസസ് സ്വന്തമാക്കി. നിർണ്ണായകമായ മൂന്നാം സെറ്റിൽ ഒരു ചെറുത്തുനിൽപ്പുപോലും നടത്താതെ ഫെഡറർ 6-0നാണ് കീഴടങ്ങിയത്.
രണ്ടാം മത്സരത്തിൽ നൊവാക് ജോകോവിച്ച് 6-3, 6-4, 6-4 എന്ന നിലയിലാണ് എതിരാളിയായ മാർട്ടിൻ ഫ്യൂകോവിക്‌സിനെ തോൽപ്പിച്ചത്. സെമിയിൽ ജോക്കോവിച്ച് ഷാപ്പലോവിനേയും ഹർകാസസ് മത്തേയോ ബരേറ്റീനിയേയും നേരിടും.















