പത്തനംതിട്ട : തെള്ളിയൂരിൽ ചുഴലിക്കാറ്റിനെ തുടർന്ന് വീടിന് മുകളിലേക്ക് വീണ മരം മുറിച്ചു നീക്കുന്നതിനിടെ സേവാഭാരതി പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. മുരണി സ്വദേശി എംഎൽ ശ്രീജിത്തിനാണ് പരിക്കേറ്റത്. അദ്ദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രീജിത്ത് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തെ വിദഗ്ധപരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെയോടെയാണ് പത്തനംതിട്ടയിലെ മല്ലപ്പള്ളി, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ താലൂക്കുകളിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. മേഘവിസ്ഫോടനത്തെ തുടർന്നായിരുന്നു കാറ്റ്. ഇതിനൊപ്പം ശക്തമായ മഴയും മേഖലയിൽ അനുഭവപ്പെട്ടിരുന്നു.
ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടമാണ് മേഖലകളിൽ ഉണ്ടായത്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നിട്ടുണ്ട്. നൂറ് കണക്കിന് സേവാഭാരതി പ്രവർത്തകരാണ് മേഖലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
Comments