തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണക്കാലത്ത് വിജയകരമായി പരീക്ഷ നടത്തി കുട്ടികളെ ഉപരിപഠനത്തിന് പ്രാപ്തരാക്കാൻ സാധിച്ചുവെന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.
സംസ്ഥാനത്ത് ഇക്കുറി എസ്എസ്എൽസി വിജയശതമാനം 99.47 ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കൊറോണ വ്യാപനം ഉയർത്തിയ പ്രതിസന്ധിയ്ക്കിടെയും കൃത്യമായി പരീക്ഷകൾ നടത്തി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സർക്കാരിന് സാധിച്ചു. ഇത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് കരുത്തു പകർന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ജീവിത വിജയാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments