തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പോലീസിന്റെ ശുപാർശയെ തുടർന്നാണ് നടപടി.
നിലവിൽ ഇരിങ്ങാലക്കുട പോലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ വൻതുകയുടെ തട്ടിപ്പ് ആയതിനാൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് തട്ടിപ്പിനിരയായവരും ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ ആറ് പേർക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വൻ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ ദിവസം ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഇന്ന് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേസ് അതീവ ഗൗരവമുള്ളതാണെന്ന് പരിഗണിച്ചു കൊണ്ടു കൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൂപ്പർമാർക്കറ്റിലെ സ്റ്റോക്കെടുപ്പിലും ബാങ്കിന്റെ മാസതവണ ചിട്ടിയിലുമാണ് പുതുതായി തട്ടിപ്പ് കണ്ടെത്തിയത്.
46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് സിപിഎം പ്രവർത്തകർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ചിലർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഭരണ സമിതി പിരിച്ചുവിട്ടാണ് സിപിഎം മുഖം രക്ഷിക്കാൻ ശ്രമിച്ചത്.
Comments