വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി മരങ്ങള്‍ കീറിമുറിക്കുന്നവരാണ് ഇന്നത്തെ ആളുകള്‍. വീട് വെയ്‌ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ പറമ്പിലുള്ള മരങ്ങള്‍ ഒന്ന് പോലും ബാക്കി വെക്കാതെ മുറിക്കുന്നു. വീടിന് നാലുഭാഗവും മതിലുകെട്ടി മുറ്റം ഇന്റര്‍ലോക്ക് ചെയ്ത് ഒരു ഇല പോലും മുറ്റത്ത് വീഴാത്ത വിധം എല്ലാം വെട്ടി നശിപ്പിക്കുന്നു.
എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിയെ സംരക്ഷിക്കണം എന്നതിനു മുന്‍തൂക്കം നല്‍കിയിരിക്കുകയാണ് ഉദയ്പൂരില്‍ നിന്നുള്ള കുല്‍ പ്രദീപ് സിങ്ങ്. എഞ്ചിനീയറായ അദ്ദേഹം പുതിയ വീട് പണിയുന്നതിനായി വര്‍ഷങ്ങള്‍ പഴക്കമുള്ള മാവ് വെട്ടി മാറ്റിയില്ല. അങ്ങനെ നിലത്തുനിന്ന് 40 അടി ഉയരത്തില്‍ നില്‍ക്കുന്ന മാവ് മുറിക്കാതെതന്നെ അദ്ദേഹം അതിനുള്ളില്‍ പുതിയൊരു വീട് പണിതു. തീര്‍ത്തും വ്യത്യസ്തമായ ആ വീട്ടില്‍ കിടപ്പ് മുറിയും, സ്വീകരണമുറിയും, അടുക്കളയുമെല്ലാം മാവിന്റെ ചില്ലകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.
പരിസ്ഥിതിയെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന് മരങ്ങള്‍ വിലപ്പെട്ടതാണെന്ന് അറിയാം. അതുകൊണ്ടു തന്നെ 2000 -ത്തില്‍ 80 വര്‍ഷം പഴക്കമുള്ള മാവില്‍ അദ്ദേഹം നാല് നിലകളുള്ള ഒരു വീട് നിര്‍മ്മിച്ചു. മരത്തിന്റെ ശാഖകള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മരത്തിന്റെ ചില ശാഖകള്‍ സോഫയായും ചിലത് ടിവി സ്റ്റാന്റായും ഉപയോഗിക്കുന്നു. വീട് മരത്തിന് ചുറ്റും നിര്‍മ്മിച്ചതാണെങ്കിലും, അടുക്കള, കുളിമുറി, കിടപ്പുമുറി, ഡൈനിംഗ് ഹാള്‍,ലൈബ്രറി തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഇവിടെയുണ്ട്. അടുക്കളയില്‍ നിന്നും, കിടപ്പുമുറിയില്‍ നിന്നുമെല്ലാം വൃക്ഷ ശാഖകള്‍ പുറത്തേയ്‌ക്ക് വളരുന്നു.
ഐ.ഐ.ടിയില്‍ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ പ്രദീപ്, മരത്തിന് കേടുപാടുകള്‍ വരുത്താതെ തന്നെ തന്റെ വീട് രൂപകല്‍പ്പന ചെയ്തു. ഇത് മാത്രമല്ല, വീട് പണിയുന്നതിനുമുമ്പ് അദ്ദേഹം മരത്തിന് ചുറ്റും നാല് തൂണുകള്‍ ഉണ്ടാക്കി. അത് ഒരു ഇലക്ട്രിക്കല്‍ കണ്ടക്ടറായി പ്രവര്‍ത്തിക്കുന്നു. ഇടിമിന്നലില്‍ മരം നശിക്കാതെ അത് കാക്കുന്നു. സിമന്റിന് പകരം, വീടിന്റെ മുഴുവന്‍ ഘടനയും ഉരുക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകളും നിലകളും സെല്ലുലോസ് ഷീറ്റുകളില്‍ നിന്നും, ഫൈബറുകളില്‍ നിന്നുമാണ് നിര്‍മ്മിച്ചത്. ഈ സവിശേഷ ട്രീ ഹൗസ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയിരുന്നു. ഇപ്പോള്‍ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം.















