കൊളംബോ: ശ്രീലങ്കൻ പര്യടനത്തിലെ രണ്ടാം പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ടി20 പരമ്പരയിലെ മൂന്നാമത്തേതും നിർണ്ണായകവുമായ മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരം ഇന്ത്യ 30 റൺസിന് ജയിച്ചപ്പോൾ ഇന്നലെ രണ്ടാം മത്സരം ശ്രീലങ്ക നാലു വിക്കറ്റിന് ജയിച്ച് 1-1ന് സമനില പിടിച്ചു.
കൊറോണ കാരണം എട്ടു താരങ്ങൾ മാറി നിൽക്കുന്ന ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ടു. മുൻനിര താരങ്ങൾ മികച്ച സ്‌കോർ കണ്ടെത്തിയില്ലെങ്കിൽ പരമ്പര നേട്ടം ബുദ്ധിമുട്ടാകും. രണ്ടാം മത്സരത്തിൽ ഇറങ്ങിയ ദേവ്ദത്ത് പടിക്കലും ഇഷൻ കിഷനും സഞ്ജുസാംസണും ശിഖർധവാനൊപ്പം മികച്ചപ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. ബൗളിംഗിൽ ഭുവനേശ്വർ കുമാറും യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവുമാണ് ഇന്ത്യയുടെ ശക്തി.
ശ്രീലങ്കൻ നിരയിൽ ആവിഷ്‌ക ഫെർണാണ്ടോയും മിനോദ് ഭാനുകയും മികച്ച സ്‌കോർ കണ്ടെത്താൻ സാധിക്കുന്നവരാണ്. മദ്ധ്യനിരയിൽ ധനഞ്ജയ ഡിസിൽവയുടെ പ്രകടനമാണ് രണ്ടാം ടി20 നേടിക്കൊടുത്തത്. ബൗളിംഗിൽ അഖില ധനഞ്ജയയും ദുഷ്മന്ദ ചമീരയുമാണ് ശ്രീലങ്കയുടെ കരുത്ത്.















