ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ബോക്സിംഗ് താരം മേരികോം പ്രീക്വാർട്ടറിൽ പുറത്തായി. കൊളംബിയയുടെ വലൻസിയയോടാണ് പരാജയപ്പെട്ടത്. 3-2 എന്ന സ്‌കോറിനാണ് മേരി കോം തോൽവി വഴങ്ങിയത്.
ആദ്യ റൗണ്ടിൽ അഞ്ച് ജഡ്ജസിന്റെ പോയിന്റിൽ 4-1ന് മേരികോം പുറകിൽ പോയതാണ് നിർണ്ണായകമായത്. തുടർന്നുള്ള രണ്ട് റൗണ്ടിലും മുന്നേറിയെങ്കിലും ആകെ 3-2ന് എന്ന സ്‌കോറിനാണ് മേരികോം പിന്നിലായത്. 2016ലെ റിയോ ഒളിമ്പിക്‌സിൽ യോഗ്യത നേടാനാകാതെ പോയ താരം ഇത്തവണ മികച്ച നിലയിൽ യോഗ്യത നേടിയാണ് ടോക്കിയോവിലെത്തിയത്.
2019ലെ ലോകചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ച വലൻസിയയോടാണ് മേരി കോം അടിയറ പറഞ്ഞത്. ആറു തവണ ലോകചാമ്പ്യനായ മേരികോം ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ താരമാണ്.















