ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങളെ സ്വാതന്ത്ര്യദിനത്തിലെ അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിലാണ് മുഴുവൻ താരങ്ങളും പ്രത്യേക അതിഥികളായി എത്തണമെന്ന ക്ഷണം പ്രധാനമന്ത്രി നടത്തിയത്. ചടങ്ങിന് ശേഷം മുഴുവൻ താരങ്ങളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും മികച്ച പിൻതുണയാണ് നൽകുന്നത്. ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് ണുൻപായി താരങ്ങളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കൂടിക്കാഴ്ച. ഒളിംപിക്സിന് തയ്യാറെടുക്കുന്ന താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു അത്.
അതിനൊപ്പം വിവിധയിനങ്ങളിൽ നേട്ടം കൈവരിച്ചവർക്കൊപ്പം തോൽവി ഏറ്റുവാങ്ങിയവർക്കും പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും അടക്കമുള്ളവർ ആശംകൾ അറിയിച്ചതും താരങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതായിരുന്നു. ഇത്തവണ ചുരുക്കം ചിലരെ ഒഴിച്ച് നിർത്തിയാൽ ഇന്ത്യയുടെ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.















