ടോക്കിയോ: ഇന്ത്യൻ ഒളിമ്പിക്സ് മെഡൽ വേട്ട നടത്തി വനിതാ താരങ്ങൾ രാജ്യത്തിന് അഭിമാനമായി. ടോക്കിയോ ഒളിമ്പിക്സിൽ ഇതുവരെ നേടിയ മൂന്ന് മെഡലുകളും സ്വന്തമാക്കിയത് വനിതകളാണ്. മീരാഭായ് ചാനു, പി.വി.സിന്ധു, ലവ്ലീന ബോർഗോഹെയിൻ എന്നീ കായിക പ്രതിഭകളാണ് ഒളിമ്പിക്സ് വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായത്.
ആദ്യ മെഡൽ ഭാരോദ്വഹന വേദിയിൽ നിന്നായിരുന്നു. മീരാഭായ് ചാനു വെള്ളി മെഡൽ നേടി അഭിമാനമായി. രണ്ടാമത്തെ മെഡൽ ബാഡ്മിന്റണിൽ പി.വി.സിന്ധുവും മൂന്നാമത്തെ മെഡൽ ബോക്സിംഗിൽ ലവ്ലീനയും സ്വന്തമാക്കി.
ചൈനീസ് താരത്തിനെതിരെ പോരാടിയാണ് മീരഭായ് ചാനു ഭാരോദ്വഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത്. ചൈനയുടെ സീ ഹുയി ഹോവിനോടാണ് മത്സരിച്ച് മണിപ്പൂർ സ്വദേശിനി മീരാഭായ് ചാനു രണ്ടാമതായത്.
ബാഡ്മിന്റണിൽ ചൈനയുടെ തന്നെ ബിംങ് ജിയായോവിനെ തകർത്താണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ആന്ധ്രയുടെ പി.വി.സിന്ധു മാറി. മൂന്നാമത്തെ മെഡൽ ബോക്സിംഗിൽ ലവ്ലീന സ്വന്തമാക്കി. ലോകചാമ്പ്യൻ കൂടിയായ തുർക്കി താരം ബുസെനാസിനോടാണ് അസം സ്വദേശിനി ലവ്ലീന പരാജയപ്പെട്ടത്.















