ന്യൂഡൽഹി; ഈ ചരിത്ര വിജയത്തിലൂടെ ഒരു പുതുയുഗം ആരംഭിക്കുകയാണ്. 41 വര്‍ഷങ്ങള്‍ക്കുശേഷം ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു കൊണ്ട് രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ച് വാക്കുകളാണിത്. അതെ, നമ്മുടെ ദേശീയ ഹോക്കി ടീം പ്രതാപകാലത്തെ പ്രകടനം തന്നെ ടോക്കിയോവില്‍ കാഴ്ചവെച്ചു.
ലോകറാംങ്കിംഗില്‍ രണ്ടാംസ്ഥാനത്തുള്ള ബെല്‍ജിയത്തിനെതിരെ സെമിഫൈനല്‍ പോരാട്ടത്തിന്റെ ആദ്യപകുതിയില്‍ മുന്നിലെത്തിയെങ്കിലും അധിക സമയത്തിന്റെ അവസാന നിമിഷത്തില്‍ കീഴടങ്ങേണ്ടിവന്നു. പക്ഷേ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ മുട്ടുകുത്തിക്കാനായി. നീളം കൂടിയ കൃത്യതയാര്‍ന്ന പാസ്സുകളും , വേഗത്തിലുളള ആക്രമണങ്ങളുമായി വന്ന യൂറോപ്യൻ ശൈലിയെ ഇന്ത്യ നേരിട്ടത് കുറിയ പാസ്സുകളിലൂടെയും ട്രിപ്പിളിംഗിലൂടെയും.
പുല്‍മൈതാനങ്ങള്‍ ഒഴിവാക്കി കൃത്രിമ കോര്‍ട്ടുകളിലേക്ക് കളിമാറിയതോടെയാണ് ഹോക്കിയില്‍ ഇന്ത്യന്‍ ആധിപത്യത്തിന് ശോഷണം സംഭവിച്ചുതുടങ്ങിയത്. 1980 മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ വിജയമാണ് അവസാനത്തെ നേട്ടം.
ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ ടീം നല്ല ഒത്തിണക്കത്തില്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തി. ഗോള്‍കീപ്പറായ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മികച്ച സേവുകള്‍ പല മത്സരങ്ങളിലും ഇന്ത്യന്‍ വിജയത്തിന് നിര്‍ണ്ണായകമായി. ഓസ്‌ട്രേലിയന്‍ കോച്ച് ഗ്രഹാം റൈഡിന്റെ പരിഷ്‌കാരങ്ങള്‍ ടീമിന്റെ മെഡല്‍ നേട്ടത്തിനായുള്ള കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു. പല മത്സരങ്ങളിലും ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം നടത്താനായി.















