ടോക്കിയോ: ഒളിമ്പിക് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷ നല്‍കിയ ഇന്ത്യന്‍ താരം അദിതി അശോകിന് അവസാന റൗണ്ടില്‍ നിരാശ. ഗോള്‍ഫ് വനിത വിഭാഗം വ്യക്തിഗത സ്‌ട്രോക് പ്ലേ ഇനത്തില്‍ അദിതി അശോക് നാലാം സ്ഥാനം നേടി. നേരിയ വ്യത്യാസത്തിലാണ് അദിതിക്ക് വെങ്കലം നഷ്ടമായത്. അവസാന റൗണ്ടു വരെ രണ്ടാം സ്ഥാനത്തായിരുന്ന അദിതി അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ പിന്നിലേക്ക് പോയതോടെയാണ് മെഡല്‍ നഷ്ടമായത്.
ഒളിമ്പിക് ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് അദിതി നടത്തിയത്. ലോക ഒന്നാം നമ്പര്‍ താരമായ യുഎസിന്റെ നെല്ലി കോര്‍ഡയാണ് സ്വര്‍ണം നേടിയത്. ജപ്പാന്റെ മോനെ ഇനാമി വെള്ളിയും, ന്യൂസിലന്‍ഡിന്റെ ലിഡിയ കോ വെങ്കലവും നേടി.
മെഡല്‍ നേടാനായില്ലെങ്കിലും ചരിത്രം കുറിച്ച പ്രകടനത്തോടെയാണ് അദിതി ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത്. വനിത ഗോള്‍ഫ് താരങ്ങള്‍ക്ക് വേണ്ടിയുള്ള അമേരിക്കന്‍ സംഘടനയായ യദ് ലേഡീസ് പ്രഫഷണല്‍ ഗോള്‍ഫ് അസോസിയേഷന്‍ റാങ്കിങ് പ്രകാരം 200ാം സ്ഥാനത്താണ് അദിതി. ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ എത്തുമ്പോഴും, മെഡല്‍ സാദ്ധ്യതയുള്ള താരങ്ങളുടെ പട്ടികയില്‍ അദിതി ഇല്ലായിരുന്നു. അവിടെ നിന്നും അസാമാന്യ പ്രകടനം പുറത്തെടുത്താണ് അദിതി രാജ്യത്തിന് അഭിമാനമായത്.















