ന്യൂഡല്‍ഹി :ടോക്കിയോയിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ നീരജ് ചോപ്രയുടെ പരിശീലന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. ജാവലിന്‍ ത്രോയില്‍ ഒളിമ്പിക്‌സ് മെഡല്‍ ലഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് ആളുകള്‍ ദൃശ്യങ്ങള്‍ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ച ദൃശ്യം കണ്ടത് 30 ലക്ഷം പേരാണ്. വിദേശ രാജ്യങ്ങളില്‍ നടത്തിയ കഠിന പരിശീലന വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
ട്വിറ്ററില്‍ 3,84,900 പേരും ഫെയ്‌സ് ബുക്കില്‍ 3,18,000 പേരും യുവതാരത്തെ പിന്‍തുടരുന്നു. ഇന്ത്യന്‍ അത്ലറ്റിനെ ആവേശത്തോടെ ഏറ്റടുത്ത സമൂഹ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ചരിത്ര വിജയങ്ങളും വീഡിയോകളും ആഘോഷമാക്കുന്നുണ്ട്. അത്ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാണ് നീരജ് നേടിയത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ എറിഞ്ഞതാരം രണ്ടാം ശ്രമത്തില്‍ ദൂരം 87.58 ആക്കി ഉയര്‍ത്തിയതോടെ മെഡലുറപ്പിക്കുകയായിരുന്നു.















