ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. രണ്ട് ബിഎസ്എഫ് ജവാന്മാർക്കും, രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. കുൽഗാം ജില്ലയിലെ മാൽപോര മേഖലയിൽ രാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ.
മേഖലയിൽ പട്രോളിംഗിനായി എത്തിയ സംഘത്തെ ഭീകരർ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പട്രോളിംഗ് നടത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിലാണ് ജവാന്മാർക്കും, പ്രദേശവാസികൾക്കും പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Comments