കൊച്ചി : ഐ. എസ്. ആർ. ഒ. ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് 4 പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയത്. ഗൂഢാലോചനയിൽ സി. ബി. ഐ. പ്രതിചേർത്ത ആർ. ബി. ശ്രീകുമാർ, എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ജയപ്രകാശ്് എന്നിവർക്കാണ് ജാമ്യം. കേസിൽ ആകെ 18 പ്രതികളുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സി. ബി. ഐ. ഏറ്റെടുത്ത കേസാണിത്. ചാരക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണ് പ്രതിചേർക്കപ്പെട്ടവർ. സി. ബി. ഐ. പ്രതിചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് 4 പ്രതികളും ഹൈക്കോടതിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അറസ്റ്റ് ഒഴിവാക്കുകയായിരുന്നു ഉദ്ദേശ്യം. കാലപ്പഴക്കം ചെന്ന കേസാണിതെന്നും പ്രായാധിക്യമുള്ളവരായതിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞു. സി. ബി. ഐ. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നു. ആവശ്യപ്പെട്ടപ്പോഴെല്ലാം തന്നെ ചോദ്യം ചെയ്യലിന് ഹാജരായെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു. വാദങ്ങൾ അംഗീകരിച്ച ജസ്റ്റിസ് അശോക് മേനോൻ മുൻകൂർ ജാമ്യം നൽകി.
ചാരക്കേസ് രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയാണെന്നും ക്രയോജനിക് വികസനത്തെ 20 വർഷത്തോളം പുറകോട്ടടിപ്പിച്ചെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സി. ബി. ഐ. അഭിഭാഷകൻ വാദിച്ചു.
വിധി പ്രതികൾക്ക് ആശ്വാസമാണ്. വിധിക്കെതിരെ സി. ബി. ഐ. അപ്പീൽ നൽകാനാണ് സാധ്യത. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് സി. ബി. ഐ. അഭിഭാഷകൻ പറഞ്ഞു.
Comments