ന്യൂഡൽഹി:ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ ലക്ഷ്യം വെയ്‌ക്കുന്നത് 15 മെഡലുകളാണെന്ന് ഡെപ്യൂട്ടി ചീഫ് ഡി മിഷൻ(സിഡിഎം) അർഹൻ ബഗാട്ടി. ആഗസ്റ്റ് 24ന് ആണ് പാരാഒളിമ്പിക്‌സിന് തിരിതെളിയുന്നത്. 54ഓളം താരങ്ങളാണ് അടുത്തയാഴ്‌ച്ച മുതൽ ടോക്കിയോയിൽ ഇന്ത്യൻ കുപ്പായം അണിയാൻ പോകുന്നത്.
ഇതുവരെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 12 ആണ് എന്നാൽ ഇത്തവണ അൻപത്തിനാലംഗ ഇന്ത്യൻ സംഘം കുറഞ്ഞത് 15 മെഡലെങ്കിലും നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് ഡി മിഷൻ അർഹൻ ബഗാട്ടി.
1960 മുതൽ 2016 വരെ 12 മെഡലുകളാണ് ആകെ നേടിയിട്ടുള്ളത്.ടോക്കിയോ ഗെയിംസിൽ അത് പതിനഞ്ചാക്കി ഉയർത്തും. അഞ്ചോ ആറോ സ്വർണ്ണ മെഡൽ അടക്കമായിരിക്കും ഈ നേട്ടമെന്നും അർഹൻ ബഗാട്ടി കൂട്ടിച്ചേർത്തു.
താരങ്ങളുടെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയാണ് ഈ അനുമാനമെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് പങ്കെടുക്കാൻ പോകുന്ന പലരും അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം മികച്ച നേട്ടം കൊയ്തവരാണ്. ഒന്നിലധികം ലോകറെക്കോഡുകളടക്കം നിരവധി സ്വർണ്ണ മെഡലുകളും താരങ്ങളുടെ പക്കലുണ്ട് ഇതെല്ലാമാണ് പ്രതീക്ഷയുടെ ആക്കം കൂട്ടുന്നത്. ആഗസ്റ്റ് 24ന് ആരംഭിക്കുന്ന പാരാലിമ്പികസ് സെപ്തംബർ 5ന് അവസാനിക്കും.















