കൊല്ലം: ഡിസിസി പട്ടികയെ ചൊല്ലി കോൺഗ്രസിന്റെ താഴേത്തട്ടിൽ പ്രതിഷേധം ശക്തമാകുന്നു. കോട്ടയത്തിന് പിന്നാലെ കൊല്ലത്തും വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. കൊല്ലത്തെ ഡിസിസി പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമർശനമാണ് പോസ്റ്ററിലുള്ളത്.
കൊടിക്കുന്നിലിന് പിരിവ് നടത്താനുള്ള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷപദമെന്നാണ് പോസ്റ്ററിലെ വിമർശനം. രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്നും പോസ്റ്ററിൽ പരിഹസിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ രാജേന്ദ്രപ്രസാദിനെ ഡിസിസി അധ്യക്ഷനാക്കാൻ കൊടിക്കുന്നിൽ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നിലിന് തീറെഴുതാൻ ഇത് തറവാട് സ്വത്തല്ലെന്നും, കോൺഗ്രസിന്റെ പേരിൽ തടിച്ച് കൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത് കാര്യമെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ടെന്നും പോസ്റ്ററിൽ പരിഹസിക്കുന്നു.
Comments