സിഡ്നി: കൊറോണ വ്യാപനത്തെ തുടർന്ന് ഓസ്ത്രേലിയയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മെൽബണിൽ ആണ് ഏറ്റവും കനത്ത പ്രതിഷേധത്തിന് വേദിയായത്. ഇവിടെ നാലായിരത്തോളം വരുന്ന പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. 218 പേരെ ആറസ്റ്റ് ചെയ്തു. ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റി. പ്രക്ഷോഭത്തിൽ പിടിയിലായവർ 5,452 ഓസ്ത്രേല്യൻ ഡോളർ പിഴയടക്കണമെന്ന് പോലീസ് അറിയിച്ചു.
ബ്രിസ്ബണിൽ നടന്ന മാർച്ചിൽ 2000ഓളം പേർ പങ്കെടുത്തു. മാർച്ച് സമാധാനപരമായിരുന്നു. സിഡ്നിയിൽ 1500ലധികം പോലീസുകാരെയാണ് ലോക്ഡൗൺ നിയന്ത്രണത്തിനായി വിന്യസിച്ചിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 825 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഓസ്ത്രേല്യയിൽ കൊറോണ ബാധിച്ച് 978 പേർ മരിച്ചിട്ടുണ്ട്.
Comments