കൊച്ചി: മൺമറഞ്ഞത് ഉത്തർപ്രദേശിൽ ആദ്യമായി ബി.ജെ.പിയെ അധികാരമേറ്റിയ ജനകീയൻ. കല്യാൺ സിംഗിന്റെ വിയോഗം ഉത്തർപ്രദേശിലെ ഹിന്ദുത്വ പോരാട്ടത്തിൽ നികത്താനാകാത്ത നഷ്ടമാണ്. രണ്ടു തവണ മുഖ്യമന്ത്രിയായ കല്യാൺ സിംഗ് അയോദ്ധ്യാപ്രക്ഷോഭ സമയത്തെ ബി.ജെ.പിയുടെ കരുത്തായിരുന്നു. രാമമന്ത്രം നെഞ്ചിലേറ്റിയ ജനനായകനെന്ന വിശേഷണം കല്യാൺ സിംഗിന് വലിയ ജനപ്രീയത നേടിക്കൊടുത്തു.
മുലായം സിംഗിന്റെ ഭരണകാലത്തെ ശക്തനായ എതിരാളി കല്യാൺ സിംഗായിരുന്നു. അടൽബിഹാരി വാജ്പേയിക്കും എൽ.കെ. അഡ്വാനിക്കുമൊപ്പം ഉത്തർപ്രദേശിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചാലകശക്തി. പിന്നാക്കമേഖലയിൽ ഏറെ സ്വാധീനമുണ്ടായിരുന്ന കല്യാൺ സിംഗ് ഏറ്റവും വലിയ സംസ്ഥാനത്തിനെ മുന്നിൽ നിന്നും നയിച്ചു. ഉത്തർപ്രദേശിലെ ജാതിരാഷ്ട്രീയ സംഘർഷങ്ങളെ ഒരു പരിധിവരെ തടയാനും ദേശീയതയുടെ ശക്തമായ വക്താവാകാനും സാധിച്ച നേതാവായിരുന്നു കല്യാൺ സിംഗ്.
1992ൽ തർക്കകെട്ടിടം തകർന്ന സമയത്തെ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രതിപക്ഷത്തിന്റെ കടുത്ത എതിരാളിയായിമാറിയത്. എന്നാൽ ബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയത്തിലെ അതിവേഗ വളർച്ചയ്ക്കും ഹൈന്ദവസംഘടനകളുടെ കരുത്തു കൂട്ടുന്നതിനും രാഷ്ട്രീയ രംഗത്തെ കല്യാൺ സിംഗിന്റെ സൗമ്യസാന്നിദ്ധ്യം വലിയ മുതൽക്കൂട്ടായി.
1932 ജനുവരി 5 നാണ് കല്യാൺ സിംഗിന്റെ ജനനം. ലോധി സമുദായാംഗമായിരുന്നു. സ്ക്കൂൾ കാലഘട്ടത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശാഖയിലൂടെ നേടിയ സാമൂഹ്യസമത്വത്തിന്റെ ഉൾക്കാഴ്ച ജീവിതത്തിലുടനീളം കല്യാൺ സിംഗിന് മുതൽക്കൂട്ടായി. 1967ൽ അത്രോളിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. ഒൻപത് തവണ എം.എൽ.എയായ കല്യാൺ സിംഗ് ഒരു തവണ എം.പിയുമായി. 1991ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാൽ തർക്കമന്ദിരം തകർന്ന സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. എന്നാൽ 1997ൽ രണ്ടാം തവണ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.
ഇടക്കാലത്ത് ബി.ജെ.പിയിൽ നിന്നും വിട്ട് സ്വന്തം പാർട്ടിരൂപീകരിച്ചെങ്കിലും 2004ൽ ബി.ജെ.പിയിൽ മടങ്ങിയെത്തി. 2014ൽ രാജസ്ഥാനിലും പിന്നീട് ഹിമാചലിലും കല്യാൺ സിംഗിനെ ഗവർണറാക്കി ബി.ജെ.പി മുതിർന്ന നേതാവിനെ ആദരിച്ചു. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റത്തിൽ കല്യാൺ സിംഗ് ഏറെ സംതൃപ്തനായിരുന്നു.















