സൂറിച്ച്: അഫ്ഗാനിസ്ഥാനിലെ വനിതാ താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന് അന്താരാഷ്‌ട്ര ഫുട്‌ബോൾ സംഘടന ഫിഫ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഫ വിവിധ രാജ്യങ്ങൾക്ക് കത്ത് എഴുതി.
താലിബാൻ ഭരണം വന്നതോടെ അഫ്ഗാനിസ്ഥാനിലെ വനിതാ കായിക താരങ്ങൾ ആശങ്കയിലാണ്. കളിക്കാരുടെ സംഘടനയായ ഫിഫ്‌പ്രോയും വനിതാ താരങ്ങളുടെ സ്ഥിതിയിൽ ഉത്കണഠ പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഫിഫയുടെ വിലയിരുത്തൽ.
നേരത്തെ അഫ്ഗാനിസ്ഥാൻ വനിതാ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഖാലിദ പോപൽ തങ്ങളുടെ കളിക്കാരെ സംരക്ഷിക്കണമെന്ന് കായിക സംഘടനകളോട് അഭ്യർഥിച്ചിരുന്നു. താലിബാൻ ഭരണം വന്നതോടെ വനിതാ താരങ്ങൾ ഒളിവിലാണ്.
എനിക്ക് ഇപ്പോൾ ഉറങ്ങാനാവുന്നില്ല. നിസ്സഹായയായ എനിക്ക് ഇപ്പോൾ കരയാൻ മാത്രമാണ് കഴിയുകയെന്നും ഖാലിദ പോപൽ പറഞ്ഞു. അഫ്ഗാൻ വനിതാ ടീമിന്റെ മുൻ പരിശീലകയായ ഹേലി കാർട്ടർ വനിതാ താരങ്ങളെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പെൺകുട്ടികൾ കളിക്കുന്നതിനെ എതിർക്കുന്ന താലിബാൻ അവരെ വകവരുത്തിയേക്കുമെന്ന് ഹേലി കാർട്ടർ ഭയപ്പെടുന്നു. താൻ ഏതു സമയത്തും കൊല്ലപ്പെട്ടേക്കാമെന്ന് പറഞ്ഞ് ഒരു ടീമംഗം സന്ദേശം അയച്ചതായി ഹേലി കാർട്ടർ വ്യക്തമാക്കി. താരങ്ങളുടെ വിവരങ്ങൾ അറിയാൻ അഫ്ഗാൻ ഫുടബോൾ ഫെഡറേഷനുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഫിഫ വക്താവ് പറഞ്ഞു.















