ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന വാക്സിനേഷൻ ഒരു കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്രമന്ത്രിമാർ. പ്രധാനമന്ത്രിയുടെ നേതൃത്വവും, ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനവുമാണ് സുപ്രധാന നാഴികകല്ല് പിന്നിടാൻ രാജ്യത്തെ സഹായിച്ചതെന്ന് കേന്ദ്രമന്ത്രിമാർ അഭിപ്രായപ്പെട്ടു. ഇന്നലെ വാക്സിനേഷൻ പ്രക്രിയ വിജയകരമാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞിരുന്നു.
ഒരു ദിവസം ഒരു കോടി പേർക്ക് വാക്സിൻ എന്നത് ഇന്ത്യയുടെ ദൃഢനിശ്ചയവും കരുത്തുമാണ് വെളിവാക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യം ലോകത്തിന് തന്നെ മാതൃകയാകുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
ഒരു കോടി പേർക്ക് പ്രതിരോധവാക്സിൻ നൽകി കൊണ്ട് നിർണായക നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടിയെടുക്കാം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുകയാണ്. വാക്സിനേഷൻ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്റെ ഭാഗമായി ഒരു കോടി പേർക്ക് വാക്സിൻ നൽകിയിരിക്കുന്നു. രാജ്യത്തെ പകുതിപേർക്കും വാക്സിന്റെ ആദ്യ ഡോസ് നൽകിയതുവഴി രാജ്യം വാക്സിനേഷനിൽ നിർണായക നേട്ടം സ്വന്തമാക്കി- നിധിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
Comments