ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാറിന്റെ വികസനപോസ്റ്ററിൽ ഇന്ത്യയിലെ കെട്ടിട സമുച്ചയത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുകയാണ് പാകിസ്താൻ സർക്കാർ.പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയ പോസ്റ്ററിലാണ് വലിയ അബദ്ധം പറ്റിയിരിക്കുന്നത്.
പാകിസ്ഥാന്റെ വികസനത്തിന്റെ അടയാളമായിട്ട് ഇമ്രാൻ ഖാൻ സർക്കാർ പങ്കുവച്ച ചിത്രം ഇന്ത്യയിലെ ഒരു സ്ഥലമാണെന്നും പാർട്ടി ബ്രോഷറുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ ഇന്ത്യൻ വെബ് പോർട്ടലുകളിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന ആരോപണം തെളിവ് സഹിതമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവായ മറിയം ഔറംഗസേബാണ് ട്വിറ്ററിൽ ഇമ്രാൻ സർക്കാരിന്റെ നേട്ടങ്ങളെ ചോദ്യം ചെയ്ത് പോസ്റ്റ് ചെയ്തത്.ഇമ്രാൻ ഖാൻ സർക്കാർ മൂന്നാം വർഷം തികയ്ക്കുന്ന വേളയിലാണ് നേട്ടങ്ങളുടെ പട്ടിക നിരത്തി പോസ്റ്റർ ഇറക്കിയത്.2021 ഓഗസ്റ്റ് 18നാണ് ഇമ്രാൻ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയത്.
സംഭവം പുറത്തറിഞ്ഞതോടെ സർക്കാരിനെ വിമർശിച്ച് ഒട്ടേറെ പേർ രംഗത്തെത്തിയിരിക്കുകയാണ്. പോസ്റ്ററിനെ ട്രോളി ആഘോഷിക്കുകയാണ് സമൂഹ മാദ്ധ്യമങ്ങൾ.സംഭവത്തിൽ ഇമ്രാൻ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments