ഗുരുവായൂർ: ഉണ്ണിക്കണ്ണനെ മടിയിലിരുത്തി വെണ്ണ കോരി നൽകുന്ന യശോദ. കുസൃതി കാട്ടുന്ന കണ്ണന് പരിഭവത്തോടെയുളള ശകാരം, കളളച്ചിരിയോടെ എല്ലാം കേട്ട് അമ്മയെ പറ്റിച്ച ഭാവത്തിൽ നിൽക്കുന്ന കൃഷ്ണൻ. ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൈറലാവുകയാണ് ഈ യശോദയും ഉണ്ണിക്കണ്ണനും. കുന്ദംകുളം സ്വദേശിയും യുവ ഫോട്ടോഗ്രാഫറുമായ പ്രണവ് സി സുഭാഷാണ് ഫോട്ടോഷൂട്ടിലൂടെ യശോദയുടെയും ഉണ്ണികൃഷ്ണന്റെയും ഭാവഭേദങ്ങൾ പകർത്തിയത്.
വെണ്ണ തിന്നുന്ന കൃഷ്ണനും അമ്മ ശകാരിക്കുമ്പോൾ കളളച്ചിരിയോടെ നിൽക്കുന്ന കൃഷ്ണനുമെല്ലാം അങ്ങേയറ്റം സൂക്ഷ്മതയോടെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രങ്ങൾ ഇതിനോടകം ഇൻസ്റ്റഗ്രാം അടക്കമുളള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറി. പുന്നയൂർകുളം വടക്കേക്കാട് കുന്നത്തൂർ മന ഗോകുലമാക്കിയായിരുന്നു ചിത്രീകരണം.

സീരിയൽ നടി കൂടിയായ രശ്മി സോമൻ ആണ് യശോദയായി വേഷമിട്ടത്. മുൻപ് കൃഷ്ണകൃപാസാഗരം സീരിയലിൽ യശോദയായി രശ്മി സോമൻ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ഒരിക്കൽകൂടി ഉണ്ണിക്കണ്ണന്റെ അമ്മയാകാൻ ഒരുങ്ങിയതെന്ന് രശ്മി പറയുന്നു. ഗുരുവായൂർക്കാരി ആയതിനാൽ യശോദയുടെ വേഷം ഹൃദയത്തോട് ചേർത്ത് വെക്കും. പതിവായി കേട്ടിരുന്ന കഥകളാണ് യശോദയുടെയും ഉണ്ണിക്കണ്ണന്റെയും. അതുകൊണ്ടു തന്നെ ആ കഥാപാത്രങ്ങളായി അഭിനയിക്കുന്നത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും രശ്മി സോമൻ പറഞ്ഞു.
പതിവ് രാധാ- കൃഷ്ണ സങ്കൽപങ്ങളിൽ നിന്ന് വേറിട്ട് നിർത്താനാണ് യശോദയെയും ഉണ്ണിക്കണ്ണനെയും തെരഞ്ഞെടുത്തതെന്ന് ഫോട്ടോഗ്രാഫർ പ്രണവ് സി സുഭാഷ് പറഞ്ഞു. സാധാരണ കാണുന്ന ഈ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥ പറയണമെന്ന ആഗ്രഹമാണ് യശോദയിലും കൃഷ്ണനിലും എത്തിച്ചത്.

ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനി ശ്രദ്ധ. എസ് ആണ് കൃഷ്ണനായി വേഷമിട്ടത്. കൃഷ്ണനാട്ടം കലാകാരനും ദേവസ്വം ജീവനക്കാരനുമായ അച്ഛൻ സുമേഷിന്റെ നിർദ്ദേശങ്ങളും ശ്രദ്ധയുടെ കൃഷ്ണവേഷം പൂർണതയിലെത്തിക്കാൻ സഹായിച്ചു. ഗുരുവായൂർ സ്വദേശിനി കൂടിയായ നീതു ബിനീഷാണ് യശോദയ്‌ക്കും കൃഷ്ണനും ചമയം ഒരുക്കിയത്.















