കൊച്ചി : കിറ്റക്സിലെ ജീവനക്കാർക്ക് വാക്സിൻ നൽകാൻ ആരോഗ്യവകുപ്പിനോട് നിർദ്ദേശിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി. രേഖാമൂലം മറുപടി നൽകാനാണ് നിർദ്ദേശം. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
കൊവിഷീൽഡ് ആദ്യ ഡോസ് വാക്സിനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത് 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ രണ്ടാം ഡോസ് എടുക്കാവൂ എന്നാണ് കേന്ദ്ര നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാരിനോട് മറുപടി തേടിയത്. ചില ആളുകൾക്കായി ഇക്കാര്യത്തിൽ ഇളവനുവദിക്കാനാകുമോയെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം 84 ദിവസം ഇടവേള നിശ്ചയിച്ചത് വാക്സിൻ ക്ഷാമം മൂലമല്ലാ മറിച്ച് ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
Comments