ന്യൂഡൽഹി: പാരാലിമ്പിക്സ് പുരുഷന്മാരുടെ ഹൈജമ്പിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യയുടെ പ്രവീൺ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവീൺ കുമാറിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം ഫോണിൽ വിളിച്ച് ആശംസ അറിയിക്കുകയും ചെയ്തു.
‘പാരാലിമ്പിക്സിൽ വെള്ളിമെഡൽ നേടിയ പ്രവീൺ കുമാറിന് അഭിനന്ദനങ്ങൾ. പ്രവീണിന്റെ കുടുംബത്തിന്റേയും പരിശീലകന്റേയും പിന്തുണയോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമാണിത്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
2.07 മീറ്റർ ചാടിയാണ് പ്രവീൺ കുമാർ വെള്ളി സ്വന്തമാക്കിയത്. പാരാലിമ്പിക്സിൽ ഇന്ത്യയുടെ 11-ാം മെഡലാണിത്. ആദ്യശ്രമത്തിൽ 1.83 മീറ്റർ നേടിയ താരം രണ്ടാം ശ്രമത്തിൽ 1.97 മീറ്റർ ആക്കി ഉയർത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്നാണ് പ്രവീൺ ഇന്ത്യയുടെ അഭിമാനമായത്. പ്രവീണിന്റെ ആദ്യ പാരാലിമ്പിക്സാണിത്.
Comments