ടോക്കിയോ: ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാനം വാനോളം ഉയർത്തി പാരാലിമ്പിക്‌സ് താരങ്ങൾ. അൻപത്തിനാലംഗ ടീമാണ് വാക്കുപാലിച്ചത്. ഇന്ത്യയിൽ നിന്നും പുറപ്പെടുംമുന്നേ 15 മെഡലുകൾ നേടുമെന്ന വാക്കാണ് ദിവ്യാംഗരായ കായിക പ്രതിഭകൾ പാലിച്ചിരിക്കുന്നത്. മൂന്ന് സ്വർണ്ണവും ഏഴു വെള്ളിയും 5 വെങ്കലവുമാണ് ഇന്ത്യൻ നിര ടോക്കിയോവിൽ വാരിയെടുത്തത്. ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇതുവരെ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടവും ഇതാണ്.
ബാഡ്മിന്റണിൽ മനീഷ് നർവാളും ഷൂട്ടിംഗിൽ അവ്‌നി ലേഖരയും ജാവലിനിൽ സുമിത് ആന്റിലുമാണ് ഇന്ത്യക്കായി സ്വപ്‌നതുല്യ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. അവനി ലേഖരയിലൂടെ ഷൂട്ടിംഗിലാണ് ഇത്തവണ ഇന്ത്യക്ക് പാരാലിമ്പിക്‌സിലെ ആദ്യ സ്വർണ്ണം ലഭിച്ചത്. ഷൂട്ടിംഗ് ഇനത്തിൽ രണ്ടാമത് മത്സരിച്ച വിഭാഗത്തിൽ വെങ്കലവും നേടിയ അവ്‌നി ലോകവേദിയിൽ ഒരേ ഗെയിംസിൽ ഇരട്ട മെഡൽനേടുന്ന ആദ്യ ഇന്ത്യൻ താരവുമായി മാറി.
ടേബിൾ ടെന്നീസിൽ ഭാവിന ബെൻ പട്ടേലാണ് ഇത്തവണ ആദ്യ മെഡൽ ഇന്ത്യക്ക് നൽകിയത്. വെള്ളിമെഡലോടെയാണ് ഇന്ത്യ മെഡൽ വേട്ട തുടങ്ങിയത്. ഹൈജംപിൽ നിഷാദ് കുമാർ, മാരിയപ്പൻ തങ്കവേലു, പ്രവീൺ കുമാർ, ഡിസ്‌ക്കസ് ത്രോയിൽ യോഗേശ് കതൂനിയ, ജാവലിനിൽ ദേവേന്ദ്ര ഝജാരിയ, സുമിത് അന്റിൽ, ഷൂട്ടിംഗിൽ സിംഗ് രാജ് അധാന എന്നിവർക്കാണ് വെള്ളി മെഡൽ. റിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏക സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഇത്തവണയും ഹൈജംപിൽ വെള്ളിമെഡൽ നേട്ടത്തോടെ തുടർച്ചയായ രണ്ടു പാരാലിമ്പിക്‌സിൽ മെഡൽ നേടി തന്റെ മികവ് തെളിയിച്ചു.
അഞ്ചുപേരാണ് വെങ്കല മെഡലുകൾ സ്വന്തമാക്കിയത്. ജാവലിനിൽ സുന്ദർ സിംഗ് ഗുർജർ, ഹൈജംപിൽ ശരദ് കുമാർ, ഷൂട്ടിംഗിൽ സിംഗ് രാജ് അധാന, അമ്പെയ്‌ത്തിൽ ഹർവീന്ദർ സിംഗ്, ഷൂട്ടിംഗിൽ അവ്‌നി ലേഖര എന്നിവരാണ് മുന്നേറിയ താരങ്ങൾ. എല്ലാ പരിമിതി കളേയും സ്വന്തം ജീവിതത്തിലും കായികരംഗത്തും അതിജീവിക്കുന്ന താരങ്ങൾക്ക് എല്ലാ മേഖലയിൽ നിന്നും ആശംസകൾ വന്നു നിറയുകയാണ്. ബാഡ്മിന്റണിൽ മെഡലുറപ്പിച്ചിരിക്കുന്ന ഇന്ത്യ ഷൂട്ടിംഗിലും പ്രതീക്ഷയിലാണ്.















