ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികൾക്കിടയിൽ പനിയും മറ്റു രോഗങ്ങളും പടർന്നുപിടിക്കുന്നു. 171 കുട്ടികൾക്ക് പനി ബാധിച്ചിട്ടുണ്ട്. എൻസെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാണ് കുട്ടികളിൽ പടരുന്നത്. പ്രയാഗ്രാജിലെ മോത്തിലാൽ നെഹ്റു ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.
ഉത്തർപ്രദേശിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ താഴ്ന്നു തുടങ്ങിയ സാഹചര്യത്തിൽ നിരവധി കുട്ടികൾക്കാണ് ഇത്തരത്തിൽ രോഗങ്ങൾ പിടിപെടുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലും സ്ഥിതി വ്യത്യസ്തമല്ല. പനി ബാധിച്ച് ഇന്നലെയും ഒരു രോഗി മരിച്ചിരുന്നു. ഇതോടെ ഫിറോസാബാദിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി 51 പേർ മരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭൂരിഭാഗം കുട്ടികൾ വൈറൽ പനി ബാധിച്ചവരാണെന്നും ചിലർക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ഡോ. എൽ.കെ. ഗുപ്ത പറഞ്ഞു. ഉയർന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.















