തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗമുക്തി നേടിയവരിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ സജ്ജീകരിക്കുന്നതിനുള്ള മാർഗനിർദേശവും സർക്കാർ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ മുക്തരായ എല്ലാ രോഗികൾക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണി മുതൽ 2 മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ വ്യാഴാഴ്ചകളിലും മെഡിക്കൽ കോളേജുകളിൽ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും.
താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം , റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇ എൻ. റ്റി, അസ്ഥിരോഗവിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുവാനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങൾ ലഭ്യമാക്കും. ജില്ലാ, ജനറൽ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന പൾമണറി റിഹാബിലിറ്റേഷൻ ക്ലിനിക്കുകളിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിന്റെയും പരിശീലനം ലഭിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്സ് എന്നിവരുടയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും.
പി.എച്ച്.സി, എഫ്.എച്ച്.സി., സി.എച്ച്.സി. തലത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ എത്തുന്ന രോഗികളെ രജിസ്റ്റർ ചെയ്യുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്യും. കൂടുതൽ വിദഗ്‌ദ്ധ ചികിത്സ ആവശ്യമുള്ളവരെ ദ്വീതീയ, ത്രിതീയ തല ആശുപത്രികളിലേക്ക് റഫർ ചെയ്യും. രോഗികളുടെ റഫറൽ വിവരങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും റെക്കോർഡ് ചെയ്യും.
സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ നേതൃത്വത്തിലും ജില്ലാ തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിലും സ്ഥാപനങ്ങളിൽ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുമായിരിക്കും സമിതികൾ പ്രവർത്തിക്കുക. സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ് കൊറോണ ക്ലിനിക്കുകളുടെ മേൽനോട്ടത്തിനായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.















