വാഷിംഗ്ടൺ: ഫോട്ടോ എടുക്കാനും പാട്ട് കേൾക്കാനുമെല്ലാം ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനിമുതൽ അതെല്ലാം പഴങ്കഥ. കണ്ണടയിൽ ഫോട്ടോ എടുക്കാനും പാട്ട് കേൾക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. പ്രമുഖ കണ്ണട നിർമ്മാതാക്കളായ റെയ്-ബാനുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് കണ്ണട അവതരിപ്പിച്ചിരിക്കുന്നത്. റെയ്-ബാൻ സ്റ്റോറീസ് എന്ന പേരിലാണ് കണ്ണട പുറത്തിറക്കിയത്. 299 ഡോളറാണ് കണ്ണടയുടെ വില.
ഇരുവശത്തുമായി രണ്ട് 5 എംപി ക്യാമറകളാണ് കണ്ണടയിൽ ഘടിപ്പിരിക്കുന്നത്. കണ്ണടയുടെ ഫ്രെയിമിലുള്ള ഹാർഡ്‌വെയർ ബട്ടണോ വോയിസ് കമാൻഡ് ഉപയോഗിച്ചോ ക്യാമറകളെ നിയന്ത്രിക്കാം.
നമ്മുടെ കൈയ്യിലുള്ള സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് കണ്ണടയെ വയർലെസ് ഇയർഫോണാക്കി മാറ്റുവാൻ സാധിക്കും. അടുത്ത് പാട്ടിലേക്ക് പോകാനും കേട്ട് പാട്ട് വീണ്ടും കേൾക്കാനും ഇതിലൂടെ സാധിക്കും. പാട്ട് കേൾക്കുക എന്നതിനു പുറമെ കോളുകൾ സ്വീകരിക്കാനും മറുപടി നൽകാനും കണ്ണടയ്‌ക്ക് സാധിക്കും.
എന്നാൽ പുതിയ കണ്ണടയ്‌ക്ക് പിന്നിലെ സ്വകാര്യതാ പ്രശനങ്ങൾ ഉന്നയിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവർ അറിയാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുവാൻ കണ്ണടയ്‌ക്ക് കഴിയുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ഗൂഗിൾ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രശനം ഒരു പരിധി വരെ ഫെയ്‌സ്ബുക്ക് പരിഹരിച്ചിട്ടുണ്ട്. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച് ഒരാൾ ചിത്രങ്ങളോ, വീഡിയോയോ പകർത്തിയാൽ തിരിച്ചറിയാൻ സാധിക്കില്ല. പക്ഷേ, റെയ്-ബാൻ സ്റ്റോറീസ് ഉപയോഗിച്ച് ഒരു വ്യക്തി ചിത്രങ്ങൽ പകർത്തുവാൻ ശ്രമിച്ചാൽ കണ്ണടയുടെ മുന്നിൽ ചെറിയ ലൈറ്റ് തെളിയും. പകൽ സമയങ്ങളിൽ ഇത് പ്രായോഗികമാകുമോ എന്നാണ് ജനങ്ങളുടെ അടുത്ത സംശയം.















