ന്യൂഡൽഹി : അമേരിക്കയിലെ ഖലിസ്താൻ ഭീകരർക്ക് പാകിസ്താനിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യ അമേരിക്കൻ സർക്കാറിന് കൈമാറി. ഖലിസ്താൻ ഭീകരർക്ക് പരിശീലനമുൾപ്പെടെ പാകിസ്താൻ നൽകുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യൻ ലോ എൻഫോഴ്സ്മെന്റിന്റേതാണ് സുപ്രധാന കണ്ടെത്തൽ. അമേരിക്കയിലെ ഖലിസ്താൻ സംഘടനകൾക്ക് പാകിസ്താനിൽ നിന്നും കോടികളുടെ ഫണ്ടാണ് ഭീകര പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നത്. ഇതിന് പുറമേ സൈനിക പരിശീലനമുൾപ്പെടെ നൽകുന്നുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിക്കടത്ത് തുടങ്ങിയവയ്ക്കും പാക് പിന്തുണയുണ്ട്. ഖലിസ്താനികൾക്ക് രാജ്യത്തെ ഭീകരരുമായി ബന്ധമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
അമേരിക്കയിലെ ഖലിസ്താൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചു. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയാണ് ഭീകരരുടെ പ്രധാനലക്ഷ്യം. പാക് സഹായത്തോടെ ഇതിനായുള്ള നീക്കങ്ങൾ ഭീകരർ തുടരുകയാണ്. അമേരിക്കയിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ ഖലിസ്താനികൾക്ക് പിന്തുണ നൽകുന്നുണ്ട്. സിഖ് വിരുദ്ധ കലാപം സൃഷ്ടിക്കാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചു.
Comments