ടോക്കിയോ : വായു ഭക്ഷണം വെള്ളം എന്നിവ പോലെ ഒരു മനുഷ്യന് ഏറ്റവും അത്യവശ്യമായി വേണ്ടുന്ന ഒന്നാണ് ഉറക്കം. മതിയായ ഉറക്കം നമുക്ക് ആരോഗ്യവും ഉന്മേഷവും പ്രധാനം ചെയ്യുന്നു. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർവരെ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ദിവസം കേവലം 30 മിനിറ്റ് നേരം മാത്രം ഉറങ്ങുന്ന യുവാവ് ഏവർക്കും അതിശയമാവുകയാണ്.
ജപ്പാനിൽ നിന്നുള്ള ദൈസുഖ് ഹോറി എന്ന 36 കാരനാണ് ദിവസം 30 മിനിറ്റ് മാത്രം ഉറങ്ങുന്നത്. കഴിഞ്ഞ 12 വർഷമായി കേവലം അരമണിക്കൂർ മാത്രമാണെന്ന് തന്റെ ഉറക്കമെന്ന് ഹോറി പറയുന്നു. എന്നാൽ ഉറക്കമില്ലായ്മയുടെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നില്ലെന്നതാണ് ഡോക്ടർമാരെ അതിശയിപ്പിക്കുന്നത്.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹോറിയുടെ വെളിപ്പെടുത്തൽ. ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ 16 മണിക്കൂർ പോരെന്ന ചിന്തയാണ് ഉറക്കം അരമണിക്കൂറാക്കി ചുരുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് ഉറങ്ങാനുള്ള സമയവും ഇതിനായി മാറ്റിവെയ്ക്കാൻ ആരംഭിച്ചു.
ആദ്യദിനം രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റ ഹോറി നേരെ പോയത് ജിമ്മിലേക്കാണ്. വ്യായാമങ്ങൾക്ക് ശേഷം വായന, എഴുത്ത് എന്നിങ്ങനെയായി പകൽ സമയം വിനിയോഗിച്ചു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ഉച്ചയ്ക്ക് തിരിച്ചെത്തിയ അദ്ദേഹം രണ്ട് മണിയ്ക്ക് വീണ്ടും ഉറങ്ങാൻ കിടന്നു. എന്നാൽ 26 മിനിറ്റുകൾക്ക് ശേഷം അലാറം അടിക്കാതെ അദ്ദേഹം എഴുന്നേൽക്കുകയായിരുന്നു. പിന്നീട് ഇത് ജീവിതചര്യയായി മാറി. രാത്രികാലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പവും, ജിമ്മിലുമാണ് ഹോറി സമയം ചിലവഴിക്കുക.
തന്റെ ഈ ജീവിതം മറ്റുള്ളവർക്ക് കൗതുകമാണെന്ന് ജപ്പാൻ ഷോർട്ട് സ്ലീപ്പർ അസോസിയേഷന്റെ അദ്ധ്യക്ഷൻ കൂടിയായ ഹോറി പറയുന്നു. ഉറക്കം കുറയ്ക്കുന്നതിനായി അദ്ദേഹം പിന്തുടരുന്ന രീതി നൂറുകണക്കിന് ആളുകളെയും അദ്ദേഹം പഠിപ്പിക്കുന്നുണ്ട്. ജീവിത വിജയത്തിനായി കൂടുതൽ ആളുകൾ തന്റെ ഈ മാർഗ്ഗം പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Comments