ഡെൽഹി: രാജ്യതലസ്ഥാനത്തുനിന്നും റോഡ് മാർഗം മുംബൈ മഹാ നഗരത്തിലെത്താൻ 13 മണിക്കൂറോ ? ഒട്ടും ആശ്ചര്യപ്പെടേണ്ട കാര്യമില്ല. ഡൽഹിക്കും മുംബൈയ്‌ക്കും ഇടയിൽ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക അതിവേഗപാത യാഥാർത്ഥ്യമാകുന്നതോടെ ഇക്കാര്യം സാധ്യമാകാൻ പോവുകയാണ്.
രാജ്യത്തെ ചരക്ക് ഗതാഗതത്തിനും അന്തർസംസ്ഥാന യാത്രക്കാർക്കും ആശ്വാസമേകുന്ന റോഡിന്റെ നിർമ്മാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി ട്രാക്കുകൾ ഉണ്ടാകുന്ന രാജ്യത്തെ ആദ്യ പാതയാകും ഇത്. ഡൽഹി മുതൽ മുംബൈ വരെ 1350 കിലോമീറ്റർ നീളമുള്ളതാണ് പാത.
ഹരിയാന,രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. 2023 ആകുമ്പോഴേക്കും ആദ്യ ഘട്ടമെന്നനിലയിൽ 350 കിലോമീറ്റർ നിർമ്മാണം പൂർത്തീകരിക്കും. അതിവേഗ പാത സഫലമായാൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര 13 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാവും. പാതയോരങ്ങളിൽ വ്യാപാര സമുച്ചയങ്ങളും,സ്മാർട്ട് സിറ്റികളും നിർമ്മിക്കുന്നുണ്ട്.
സാധാരണ വാഹനങ്ങളുടെ സഞ്ചാരത്തിന് രണ്ട് വരികളും, ഇലക്ട്രിക് വാഹനങ്ങൾക്ക് നാല് വരികളുമുള്ള ആദ്യത്തെ അതിവേഗ പാതയായിരിക്കും ഇത്. 1,350 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് അതിവേഗ പാതയ്‌ക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്. അതിവേഗപാതയുടെ ചില ഭാഗങ്ങൾ 12 വരികളായി വിപുലീകരിക്കാനും ആലോചനയുണ്ട്.
ഭൂമി ഏറ്റെടുക്കൽ, സോളാർ ലൈറ്റുകൾ, ജലസംഭരണികൾ , ആക്സസ് കൺട്രോൾ എന്നിവയ്‌ക്കായി ആകെ തുകയുടെ 40% ചെലവഴിക്കും. അതിവേഗ പൂർത്തിയായാൽ എല്ലാ വർഷവും 32 ദശലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 850 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്‌ക്കാനും ഇത് സഹായകമാകും. ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത നിശ്ചയിക്കും. ഗ്രീൻഫീൽഡ് അതിവേഗ പാതയിലെ ലൈറ്റുകൾ സൗരോർജ്ജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.
സുരക്ഷയ്‌ക്കായി, റോഡിനിരുവശവും 1.5 മീറ്റർ ഉയരമുള്ള മതിൽ നിർമിക്കും. ഓരോ 2.5 കിലോമീറ്ററിലും മൃഗങ്ങൾക്ക് ഓവർ പാസുകൾ നൽകും. ഓരോ 50 കിലോമീറ്ററിലും റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ഇന്ധന സ്റ്റേഷനുകൾ, ഇവി ചാർജിംഗ് പോയിന്റുകൾ, ടോയ്‌ലറ്റുകൾ എന്നിവ ഉണ്ടാകും. കേന്ദ്രസർക്കാറിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അതിവേഗ പാത പ്രാവർത്തികമാക്കുന്നത്.
Comments