മുംബൈ : പ്രമുഖ വസ്ത്ര ബ്രാൻഡായ മ്യാൻവാറിനും, നടി ആലിയ ഭട്ടിനുമെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടന. പരസ്യചിത്രത്തിൽ കന്യാദാനത്തെ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് ഹിന്ദു സംഘടനായായ ഹിന്ദു ജനജാഗ്രതി സമിതി പ്രതിഷേധവുമായി രംഗത്ത് വന്നത്. മ്യാൻവാർ ഷോറൂമിന് മുൻപിൽ സംഘടനാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
കന്യാദാൻ സമ്പ്രദായമല്ല, മറിച്ച് കന്യാമാൻ സമ്പ്രദായമാണ് വേണ്ടതെന്ന സന്ദേശം നൽകുന്നതാണ് പരസ്യം. ഇതിൽ ഹിന്ദു വധുവിനെ അവതരിപ്പിച്ചിരിക്കുന്നത് ആലിയ ഭട്ടാണ്. എന്നാൽ ഹിന്ദുവിവാഹത്തിലെ പ്രധാനപ്പെട്ട ചടങ്ങായ കന്യാദാനത്തെ പരസ്യത്തിലൂടെ വസ്ത്രകമ്പനിയും, ആലിയ ഭട്ടും അപമാനിച്ചതായി സംഘടനാ വക്താവ് ഡോ. ഉദയ് ധൂരി പറഞ്ഞു.
പരസ്യചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. പരസ്യം പിൻവലിച്ച് കമ്പനി മാപ്പ് പറയണം. അതുവരെ വസ്ത്ര ബ്രാൻഡ് ബഹിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആലിയ അഭിനയിച്ച പരസ്യ ചിത്രം കമ്പനി പുറത്തുവിട്ടത്. ഇതിന് പിന്നാലെ ബോളിവുഡ് നടി കങ്കണാ റണാവത്ത് അടക്കമുള്ളവർ പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.
Comments