മലപ്പുറം : ക്രഷർ തട്ടിപ്പ് കേസിൽ പി.വി അൻവർ എംഎൽഎ വഞ്ചന നടത്തിയതായി കണ്ടെത്തൽ. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. റിപ്പോർട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മലപ്പുറം സ്വദേശിയായ പ്രവാസിയിൽ നിന്നും 50 ലക്ഷം രൂപ വഞ്ചിച്ച് നേടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
പാട്ടത്തിന് ലഭിച്ച സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം പത്ത് ശതമാനം നൽകിയെന്ന് കാണിച്ചാണ് മലപ്പുറം സ്വദേശിയിൽ നിന്നും അൻവർ പണം കൈപ്പറ്റിയത്. ഇത് അൻവർ ചെയ്ത വഞ്ചനയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണം പൂർത്തിയാക്കി ഉടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഡിവൈഎസ്പി വിക്രമൻ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അൻവറിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തിൽ ആദ്യം പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് മലപ്പുറം സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്.
Comments