ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റി 140 അടി താഴേക്ക് വെളളച്ചാട്ടത്തിലേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. 28 കാരനായ പ്രദീപ് സാഗറാണ് രക്ഷപ്പെട്ടത്. 12 മണിക്കൂറിന് ശേഷം കൂട്ടുകാരന്റെ മൊബൈലിൽ വന്ന വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പ്രദീപ് ജീവനോടെ ഉണ്ടെന്നുളള വിവരം ലഭിച്ചത്.
കലബുറഗി ജില്ലയിലെ ജേവർഗി താലൂക്കിലെ ബാങ്ക് ജിവനക്കാരനാണ് പ്രദീപ്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദീപും കൂട്ടുകാരും ഗോകാക് വെളളച്ചാട്ടം കാണാനെത്തിയത്. സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റി വീഴുകയായിരുന്നു ഇദ്ദേഹം. വെളളച്ചാട്ടത്തിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാൽ ആറ് മണിക്കൂർ നീണ്ട തെരച്ചിൽ നടത്തിയിട്ടും പ്രദീപിനെ കണ്ടെത്താനായില്ല.
പീന്നിട് ഇയാൾ പിറ്റേന്ന് മൂന്ന് മണിയോടെ സുഹൃത്തിനെ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുകയും തുടർന്ന് രക്ഷാപ്രവർത്തകർ ചേർന്ന് തെരച്ചിൽ നടത്തി കണ്ടുപിടിക്കുകയായിരുന്നു. നിസ്സാര പരിക്കുകളോടെ ഇയാളെ ഗോകാക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Comments