സർവൈശ്വര്യദായിനിയായ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം. സംസ്കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്. ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന വിശേഷാൽ അവസരമാണ് നവരാത്രി മഹോത്സവം. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുർഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചാണ് പൂജയും ആഘോഷവും നടക്കുന്നത്. ദുർഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിൽ കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്.
സരസ്വതി പൂജയും വിദ്യാരംഭവുമാണ് നവരാത്രി ദിനങ്ങളിൽ കേരളത്തിൽ പ്രധാനം. മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്ന് ദുർഗാദേവിയായി രൂപം പൂണ്ട് ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജ്ജിച്ചുവെന്നതാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം. ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനത്തെ ദിവസമാണെന്നും ഐതിഹ്യമുണ്ട്. തിന്മയുടെ മേൽ നന്മയുടെ വിജയമെന്നതാണ് ആഘോഷത്തിന്റെ കാതൽ. വിദ്യാദേവതയുടെ അനുഗ്രഹത്തിനായി ദുർഗാഷ്ടമി ദിവസം പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. മഹാവനമി ദിവസം പ്രാർത്ഥനയോടെ കഴിഞ്ഞ ശേഷം വിജയദശമി ദിവസം പൂജയെടുപ്പും വിദ്യാരംഭവും നടത്തുന്നു. ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകൾക്കും തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമായാണ് വിജയദശമി ദിവസത്തെ കാണുന്നത്.
Comments