ലക്നൗ : ഉത്തർപ്രദേശിൽ പോലീസും ബംഗ്ലാദേശികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ട് ബംഗ്ലാദേശികൾക്കും ഒരു പോലീസുകാരനുമാണ് പരിക്കേറ്റത്. ലക്നൗ ജില്ലയിലെ ചിൻഹാതിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. മാൽഹൗർ റെയിൽവേ സ്റ്റേഷനിൽ വാഹന പരിശോധനയ്ക്കിടെ ആയുധങ്ങളുമായി വാഹനത്തിൽ എത്തിയ ബംഗ്ലാദേശി സംഘത്തെ പോലീസ് തടയുകയായിരുന്നു. എന്നാൽ വാഹനം നിർത്താതിരുന്ന ഇവർ ചെക്പോസ്റ്റ് തകർത്തു. ഇവരെ പോലീസ് സംഘം പിന്തുടർന്നു. എന്നാൽ പോലീസുകാർക്ക് നേരെ അക്രമി സംഘം വെടിയുതിർത്തു. ഇതോടെയാണ് ഏറ്റമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ശക്തമായതോടെ അക്രമികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുളളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതികൾ ബംഗ്ലാദേശിലേക്ക് കടന്നു കളഞ്ഞിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ദേശീയ പാതകൾ കേന്ദ്രീകരിച്ച് വൻ മോഷണങ്ങൾ നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മറ്റൊരു കവർച്ച നടത്താൻ പോകുന്നതിനിടെയാണ് പിടിയിലായത്. പരിക്കേറ്റ ബംഗ്ലാദേശികൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് വ്യക്തമാക്കി.
Comments