കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെയാണ് ഇഡി എംകെ മുനീറിനെ ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച് എംകെ മുനീറിന് അറിവുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണ് മൊഴിയെടുക്കൽ നടന്നത്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറാണ് എംകെ മുനീർ.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 കോടി രൂപ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും പരാതി ഉയർന്നിരുന്നു. ഇതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്് ഹൈക്കോടതിയിൽ പരാതിയും എത്തി.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവായിരുന്നു പരാതിക്കാരൻ. തുടർന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഇഡി നോട്ടീസ് അയച്ചു. കേസിൽ പാണക്കാട് മുഇനലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനേയും ഇഡി ചോദ്യം ചെയ്തിരുന്നു.
Comments