കാബൂൾ : അഫ്ഗാനിൽ ഷിയാ മസ്ജിദിന് നേരെ ഭീകരാക്രമണം. പ്രാർത്ഥനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം.
കാണ്ഡഹാറിലെ ഇമാമം ബാർഗ് മസ്ജിദിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാർത്ഥന യ്ക്കിടെ മസ്ജിദിൽ ഭീകരർ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മസ്ജിദ് പൂർണമായും തകർന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് വിലയിരുത്തൽ.
പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സംഭവത്തിന് പിന്നാലെന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയും പ്രാർത്ഥനയ്ക്കിടെ സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. ഇതിൽ 100 ലധികം പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ അഫ്ഗാനിസ്താനിലെ ഷിയാ മസ്ജിദിന് നേരെയായിരുന്നു അന്ന് ആക്രമണം ഉണ്ടായത്.
Comments