തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി. കനത്ത മഴ തുടരുന്നതിനാൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഇതുകൂടാതെ തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിയിരുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബർ 18നാണ് കോളേജുകൾ തുറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് ഒക്ടോബർ 20ലേയ്ക്ക് നീട്ടി. വരും ദിവസങ്ങളിൽ മഴ കനക്കും എന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ തീരുമാനം.
Comments