ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. പൂഞ്ചിൽ കണ്ടെത്തിയ ഐഇഡി ശേഖരം നിർവീര്യമാക്കിയതായി പ്രതിരോധ സേന വക്താവ് ലെഫ്.കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. രത്തൻഗീറിലെ സാവൽകോട്ട് വനമേഖലയിലെ ഒരു മരക്കൊമ്പിലാണ് ഐഇഡി ഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി പൂഞ്ചിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സേനയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ഇങ്ങനെ നടത്തിയ പരിശോധനയ്ക്കിടെയാണ് മരത്തിൽ ഘടിപ്പിച്ച നിലയിൽ ഐഇഡി കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ ഇത് നിർവീര്യമാക്കുകയായിരുന്നു. ഐഇഡി നിർവീര്യമാക്കിയതിലൂടെ വൻ ദുരന്തമാണ് ഒഴിവായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് മേഖലയിൽ സേന തിരച്ചിൽ നടത്തുന്നത്. കമാൻഡോ സംഘമായ പാരാ സ്പെഷൽ ഫോഴ്സസ് അംഗങ്ങളും രംഗത്തുണ്ട്. തുടർച്ചയായ 11ാം ദിവസമാണ് പരിശോധന തുടരുന്നത്. സുരക്ഷാസേനയെ ലക്ഷ്യമാക്കിയാണ് വനത്തിനുള്ളിൽ ഇത്തരത്തിൽ സ്ഫോടകവസ്തു ഘടിപ്പിച്ചതെന്നാണ് വിവരം. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാൻ ഉൾപ്പെടെ 10 സൈനികരാണ് കഴിഞ്ഞ ദിവസങ്ങളിൽ വീരമൃത്യു വരിച്ചത്.
Comments