ന്യൂയോർക്ക് : ടെക് ഭീമന്റെ പുതിയ ഫോണുകൾ ഇന്ത്യയിൽ വിൽക്കില്ലെന്ന് കമ്പനി. ടെക് ലോകത്ത് അടുത്തിടെ വലിയ ചർച്ചയായി മാറിയ ഗൂഗിളിന്റെ പുതിയ പിക്സൽ 6 പ്രോ ഫോണുകളാണ് ഇന്ത്യയിൽ തൽക്കാലം വിൽക്കില്ലെന്ന് കമ്പനി തീരുമാനിച്ചത്.ചിപ്പ് ക്ഷാമം കാരണം ഉത്പാദനത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് ഇന്ത്യൻ വിപണി ഉപേക്ഷിക്കാൻ കാരണമായി ഗൂഗിൾ പറയുന്നത്.
എന്നാൽ നേരത്തെ കമ്പനി പുറത്തിറക്കിയ പിക്സൽ ഫോണുകൾ ഇന്ത്യയിൽ കാര്യമായി സ്വീകരിക്കപ്പെടാത്തതാണ് വിപണി ഉപേക്ഷിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഫോണുകളിൽ 90 ശതമാനത്തിലേറെയും 20,000 രൂപയിൽത്താഴെ വിലയുള്ളതാണ്. അതിനാൽ ആപ്പിളിനോട് മത്സരിക്കുന്ന ഗൂഗിൾ പിക്സലിന് ചൈനീസ് ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളുടെ പ്രധാന വിപണിയായ ഇന്ത്യയിൽ കാര്യമായ താൽപ്പര്യം ഇല്ലെന്നാണ് റിപ്പോർട്ട്.
അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മാത്രമാണ് പുതിയ ഫോണുകൾക്കു ബുക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ആണ് ആപ്പിൾ ഒഴികെയുള്ള ഫോൺ നിർമാതാക്കളുടെയെല്ലാം സോഫ്റ്റ്വെയർ എങ്കിലും, പിക്സൽ 6 ശ്രേണി വന്നതോടെ ഗൂഗിൾ ഒരു പടി കൂടി മുന്നോട്ടുപോയിട്ടുണ്ട്.
ഗൂഗിൾ സ്വന്തമായി രൂപപ്പെടുത്തിയതാണ് പുതിയ ഫോണുകളുടെ ചിപ്. ഗൂഗിൾ പുതിയ ഫോണുകളിൽ ഉപയോഗിക്കുന്നത് ടെൻസർ എന്ന പുതിയ ചിപ്പാണ്. ആൻഡ്രോയ്ഡ് 12 പതിപ്പും ആദ്യമായി അവതരിപ്പിക്കുന്നത് ഈ ഫോണിലാണ്. കഴിഞ്ഞ വർഷം പിക്സൽ 4എ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടെന്ന തീരുമാനം എടുത്തത്.
Comments