മുംബൈ : കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ മുംബൈ പോലീസിനെ സമീപിച്ച് എൻസിബി സോണൽ ഓഫീസർ സമീർ വാങ്കഡെ. സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. ചില അപരിചിതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടാകാവുന്ന നിയമ നടപടികളിൽ സംരക്ഷണം നൽകണമെന്നാണ് ആവശ്യം.
വൈകീട്ടോടെയായിരുന്നു വാങ്കഡെ കത്തയച്ചത്. താൻ ആരിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് വാങ്കഡെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കത്ത് നൽകിയത്. കൈക്കൂലി ആരോപണം ഉന്നയിച്ച് ചില ആളുകൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി ചിലർ ധൃതിപ്പെട്ട് നിയമ നടപടികൾക്ക് ഒരുങ്ങുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നതെന്നും വാങ്കഡെയുടെ കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള നീക്കങ്ങളിൽ നിന്നും തനിക്ക് സംരക്ഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
2008 ബാച്ചിലെ ഐആർഎസ് ഓഫീസറായ വാങ്കഡെയ്‌ക്കെതിരെ കേസിലെ ദൃക്‌സാക്ഷിയായ പ്രഭാകർ സയിൽ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആര്യൻ ഖാനെ വിട്ട് കിട്ടാൻ 25 കോടി രൂപ സമീർ വാങ്കഡെ ആവശ്യപ്പെട്ടെന്നാണ് പ്രഭാകറിന്റെ ആരോപണം.
Comments