തിരുവനന്തപുരം: അന്തരിച്ച ആദ്യകാല സംവിധായകനും ഛായഗ്രാഹകനുമായ ക്രോസ്ബെൽറ്റ് മണിക്ക് സിനിമാലോകത്തിന്റെ യാത്രാമൊഴി. ശനിയാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് ശാന്തികാവാടത്തിൽ ഇന്ന് ഉച്ചയ്‌ക്ക് നടക്കും.
കാൽനൂറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിന്ന വിട്ടുനിന്ന മണി ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വട്ടിയൂർക്കാവിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.
നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മണിയുടെ യഥാർത്ഥ പേര് കെ. വേലായുധൻ നായർ എന്നായിരുന്നു. പുതിയ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1970 ൽ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. തുടർന്ന് ആ പേരു തന്റെ പേരിനോടു കൂടി ചേർത്തു. മലയാള ചലച്ചിത്രരംഗത്ത് സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി ആയിരിക്കും.
നാല്പതോളം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മിടുമിടുക്കി (1968), ക്രോസ് ബൽറ്റ് (1970), മനുഷ്യബന്ധങ്ങൾ (1972), പുത്രകാമേഷ്ടി (1972), നാടൻ പ്രേമം (1972), ശക്തി (1972), കാപാലിക (1973), നടീനടന്മാരെ ആവശ്യമുണ്ട് (1974), വെളിച്ചം അകലെ (1975) എന്നിവയാണ് പ്രധാന സിനിമകൾ.
Comments