പാരിസ് :കൂടുംബകോടതികളിൽ നിരവധി കേസുകൾ വരാറുണ്ട് മാതാപിതാക്കളും മക്കളും തമ്മിലുള്ള തർക്കവും ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള തർക്കവും രമ്യമായി പരിഹരിക്കാൻ ഇത്തരം കോടതികൾ ശ്രമിക്കാറുണ്ട്. എന്നാൽ ലണ്ടനിലെ കുടുംബകോടതിയിലെത്തിയ ഒരു കേസ് അൽപം വിചിത്രമാണ്. മാതാപിതാക്കൾ ആജീവനാന്ത സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു മകൻ നൽകിയ ഹർജിയാണ് ഇപ്പോൾ ലണ്ടനിലാകെ ചർച്ചാവിഷയമാകുന്നത്.
ഫൈസ് സിദ്ദിഖ് എന്നയാളാണ് കഥാ നായകൻ. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ഈ നാൽപ്പത്തിയൊന്നുകാരൻ നിലവിൽ തൊഴിൽ രഹിതനാണ്. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 10.6 കോടി രൂപ വിപണി മൂല്യം വരുന്ന ഫഌറ്റിലാണ് ഇയാൾ താമസിക്കുന്നത്. സിദ്ദിഖിന്റെ ചിലവുകൾ നോക്കി നടത്തുന്നതും പണം നൽകുന്നതും 71 ഉം 69 ഉം വയസുള്ള മാതാപിതാക്കളാണ്.എന്നാൽ അഭിപ്രായ വിത്യാസം വന്നതിനെ തുടർന്ന് മാതാപിതാക്കൾ മകന് നൽകിയിരുന്ന പണത്തിന്റെ അളവ് കുറച്ചു. ഇതിനെതിരെ സിദ്ദിക്ക് കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി ബിരുദധാരിയും യുവാവുമായ സിദ്ദിക്കിന് മാതാപിതാക്കളോട് ഇനിയും സാമ്പത്തിക സഹായം നൽകാൻ ആവശ്യപ്പെടാനാവില്ലെന്ന് തീർത്തുപറഞ്ഞൂ. കൂടാതെ എത്രയും പെട്ടെന്ന് ഒരു ജോലി അന്വേഷിച്ച് കണ്ടെത്താനും നിർദ്ദേശിച്ചു. പ്രായപൂർത്തിയായ കുട്ടികൾക്ക് അവരുടെ ആവശ്യം എത്ര വലുതാണെങ്കിലും സാമ്പത്തിക സഹായം നൽകാനുള്ള ബാധ്യത ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് കോടതി തള്ളി.
ഇതിന് മുൻപ് ഇയാൾ ഫസ്റ്റ് ക്ലാസ് ബിരുദം ലഭിക്കാത്തതിനെ തുടർന്ന് 1,000,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിക്കെതിരെ കേസ് കൊടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ബിരുദമില്ലെങ്കിൽ അദ്ധ്യാപകനാവാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് കൊടുത്തത്. എന്നാൽ ഈ കേസും കോടതി തള്ളിയിരുന്നു.















